
മനാമ: ലഹരിയില്‍ വീണു പോകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രയത്‌നങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും സമൂഹത്തില്‍ നിന്ന് അവ പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നും ഐ സി എഫ് ലഹരി വിരുദ്ധ സംഗമം ആവശ്യപ്പെട്ടു. ജീവിതം ലഹരിയാക്കാനും കുടുംബ ബന്ധങ്ങളുടെ സുരക്ഷയും ഊഷ്മളതയും ആസ്വദിക്കാനും പുതിയ തലമുറയെ പാകപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തല്‍ അനിവാര്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

‘ലൗ ലൈഫ്, നോ ഡ്രഗ്സ്’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് റീജിയന്‍ തലങ്ങളില്‍ ഐ സി എഫ് പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചത്.


ലഹരിക്കെതിരെ ബോധവത്കരണവും സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്
മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വപ്‌നങ്ങളെയും ബന്ധങ്ങളെയും വിഴുങ്ങുന്ന ലഹരിയുടെ എല്ലാ രൂപങ്ങളെയും നിരസിക്കാനും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കാനും പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു.
ലഹരിക്കെതിരായ പോരാട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോ ഗ്യമുള്ള തലമുറയ്ക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തില്‍ പങ്കാളികളാകണമെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ ഉയര്‍ന്നത്.
ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി, അബൂബക്കര്‍ ലത്വീഫി, ശമീര്‍ പന്നൂര്‍, സുലൈമാന്‍ ഹാജി, റഫീക്ക് ലത്വീഫി, ഉസ്മാന്‍ സഖാഫി, അബ്ദുറസാഖ് ഹാജി, ശംസുദ്ധീന്‍ സുഹ്‌രി, അബ്ദുസ്സമദ് കാക്കടവ് എന്നിവര്‍ പങ്കെടുത്തു. ഫൈസല്‍ ചെറുവണ്ണൂര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

