

ആലുവ: നിര്‍മ്മാണം പൂര്‍ത്തിയായ ആലുവയിലെ പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് 129 ഇരിപ്പിടങ്ങള്‍ നല്‍കാന്‍ ആലുവയിലെ അര്‍ജ്ജുന നാച്യുറല്‍സ് ആന്റ് ഹെര്‍ബല്‍സ് തയ്യാറായതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. കെ എസ് ആര്‍ ടി സി ഇരിപ്പിടം സജ്ജമാക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി എം എല്‍ എ മുന്നിട്ടിറങ്ങിയത്.

കൈവരികളോടുകൂടിയ മുന്ന് സീറ്റു വീതമുള്ള സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ പെര്‍ഫൊറോറ്റഡ് ഷീറ്റും പൈപ്പും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 43 സെറ്റ് കസേരകളാണ് ലഭ്യമാക്കുക. ദീര്‍ഘകാലം ഈടു നില്ക്കുന്നതും, തുരുമ്പുടുക്കാത്തതുമായ ഈ കസേരകള്‍ക്ക് 11 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. സ്‌പോണ്‍സര്‍ കസേരകള്‍ക്കായി ഓര്‍ഡര്‍ നല്കിയിട്ടുണ്ടെന്നും ലഭ്യമാകുന്ന മുറക്ക് വെയ്റ്റിങ്ങ് ഏരിയയില്‍ സജ്ജമാക്കുമെന്നും എം എല്‍ എ അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയായ ബസ്സ് സ്റ്റേഷന്റെ വെയ്റ്റിങ്ങ് ഏരിയയില്‍ യാത്രക്കാരുടെ ഉപയോഗത്തിന് താഴത്തെ നിലയില്‍ എട്ടും ഒന്നാം നിലയില്‍ എട്ടും ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതുകൂടാതെ കെട്ടിടത്തിനു പുറത്തായി പുതിയ ഏഴ് ടോയ്ലറ്റുകള്‍ സ്ത്രീകള്‍ക്കായും നാല് ടോയ്ലറ്റുകള്‍ പുരുഷന്മാര്‍ക്കായും എം എല്‍ എയും നിര്‍ദ്ദേശ പ്രകാരം പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. ഷവര്‍ സൗകര്യത്തോടു കൂടിയ ഓരോ ബാത്ത് റൂമുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായും സ്റ്റാഫിനായി രണ്ടു ബാത്ത് റൂമുകളും ഇതിനോടനുബന്ധച്ച് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ ബാത്ത് റൂം സൗകര്യങ്ങളുള്ള ആദ്യത്തെ ബസ്സ് സ്റ്റേഷനായിരിക്കും ആലുവയിലേതെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.
ടോയ്ലറ്റുകളും, ബാത്ത് റൂമുകളും പേ ആന്റ് യൂസ് സമ്പ്രദായത്തില്‍ ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ മാത്രമേ വൃത്തിയായി സൂക്ഷിക്കുവാന്‍ സാധിക്കു എന്നും, അതിനായി കേരളത്തിലെ മുഴുവന്‍ ബസ്സ് സ്റ്റാന്റുകള്‍ ഒരു ഏജന്‍സിയുടെ കീഴിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ടെന്നും ഏജന്‍സിയെ തെരഞ്ഞെടുത്തു ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ടോയ്ലറ്റും ബാത്ത് റൂമുകളും യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചതായും എം എല്‍ എ പറഞ്ഞു.

