ആലുവ മാര്‍ക്കറ്റ് റോഡ് വീതിക്കൂട്ടല്‍ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: ആലുവ ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിന്റെ മുഖ്യകാരണം മാര്‍ക്കറ്റ് റോഡിന്റെ വീതിയില്ലായ്മയാണെന്നും അതിനാല്‍ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് മാര്‍ക്കറ്റ് റോഡ് സ്ഥലം ഏറ്റെടുത്ത് വീതിക്കുട്ടി നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നും എം എല്‍ എ നിയമസഭയില്‍ വിഷയം അവതരിപ്പിച്ച് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണുന്നതിന് ഫണ്ടനുവദിച്ച് പദ്ധതി നടപ്പിലാക്കണമെന്ന് ധനകാര്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിരന്തരം കത്തെഴുതിയും നേരില്‍ കണ്ടും ആവശ്യപ്പെട്ടിരുന്നു.

city exchange

എം എല്‍ എയുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ച് പ്രത്യേക പരിഗണന നല്‍കിയാണ് ധനകാര്യവകുപ്പുമന്ത്രി എന്‍ ബാലഗോപാല്‍ 10 കോടി അനുവദിച്ചതെന്ന് എം എല്‍ എ പറഞ്ഞു. പദ്ധതിക്കാവശ്യമായ ഫണ്ടനുവദിച്ച് ഭരണാനുമതി നല്‍കിയ സര്‍ക്കാരിനും ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്തു മന്ത്രി എന്നിവര്‍ക്കും നന്ദി അറിയിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

പദ്ധതി പ്രകാരം എന്‍ എച്ച് സര്‍വ്വീസ് റോഡും സെന്റ് ഡൊമിനിക് ചര്‍ച്ചുമായി ബന്ധിപ്പിക്കുന്ന മാര്‍ക്കറ്റ് റോഡും കാരോത്തുകുഴി ജംഗ്ഷന്‍ മുതല്‍ എന്‍ എച്ച് സര്‍വ്വീസ് റോഡ് വരെ 350 മീറ്ററാണ് വീതികൂട്ടുന്നത്. ഏകദേശം 25 സെന്റ് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനുമായി 8.2 കോടി രൂപയും ബാക്കി 1.8 കോടി രൂപ നിര്‍മ്മാണത്തിനുമായി മൊത്തം 10 കോടി രൂപയാണ് മാര്‍ക്കറ്റ് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മ്മാണത്തിന് ആവശ്യമായത്.

ഇതിന്റെ ഭാഗമായി പി ഡബ്ല്യൂ ഡി റോഡ്‌സ് വിഭാഗം പി ഡബ്ല്യൂ ഡി റീജിയണല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം എന്നീ വകുപ്പു ഉദ്യോഗസ്ഥരുമായി എം എല്‍ എ മാര്‍ക്കറ്റ് റോഡ് സന്ദര്‍ശിക്കുകയും പദ്ധതി നടപ്പാക്കുന്നതിനുള്ള സംയുക്ത പരിശോധന നടത്തുകയും ചെയ്തു.

- Advertisement -
Ad image

അനുവദിച്ചിട്ടുള്ള 10 കോടിയുടെ പദ്ധതിയില്‍ ആവശ്യമായ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിച്ച് നിലവിലുള്ള ടോപ്പോഗ്രാഫിക് സര്‍വ്വേ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതുപ്രകാരം ലഭിച്ച വിവരങ്ങളും ട്രാഫിക് ഡീറ്റയില്‍സും ഉപയോഗിച്ച് പൊതുമരാമത്തു വകുപ്പ് ഡിസൈന്‍ വിഭാഗം രണ്ടുവരിപ്പാതയിലുള്ള അലൈന്‍മെന്റ് തയ്യാറാക്കുമെന്നും അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.

നിലവിലുള്ള പ്രൊപ്പോസല്‍ പ്രകാരം 350 മീറ്റര്‍ നീളത്തിലുള്ള റോഡ് നിര്‍മ്മിക്കുന്നത് 7.50 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും കൂടാതെ കാന ഉള്‍പ്പെടെ മൊത്തം വീതി 12 മീറ്ററിലുമാണ്. എന്നാല്‍ പുതിയ അലൈന്‍മെന്റ് പ്രകാരം ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

സംയുക്ത പരിശോധനയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, ലിസ ജോണ്‍സണ്‍, പി ഡബ്ല്യൂ ഡി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ സജീല കെ എ, അസി. എക്സി. എഞ്ചിനീയര്‍ ശ്രീദേവി സി ടി, അസി. എഞ്ചിനീയര്‍ നിഷ മോള്‍ ഇ ആര്‍, ഓവര്‍സിയര്‍ നജ്മിയ, പി ഡബ്ല്യൂ ഡി റോഡ്‌സ് വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ സിനോജ് ഷൈന്‍ എം ബി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!