
ആലുവ: കേരളത്തിന്റെ ഗതാഗത വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ദേശീയ ലോജിസ്റ്റിക് ശൃംഖലയ്ക്കും അത്യന്തം പ്രാധാന്യമുള്ള എന്‍ എച്ച് 544 അങ്കമാലി- കുണ്ടന്നൂര്‍- കൊച്ചി ബൈപ്പാസ് പദ്ധതി അടിയന്തരമായി പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ബെന്നി ബഹനാന്‍ എം പി കത്ത് നല്‍കി.

ഈ പദ്ധതിക്കായി 2024 ഓഗസ്റ്റില്‍ 3എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നിയമപരമായി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ 3ഡി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കാതിരുന്നത് പദ്ധതി അനാവശ്യമായ വൈകലിന് കാരണമായി. ഇതുമൂലം പൊതുജനങ്ങള്‍ക്കിടയിലും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കിടയിലും വലിയ ആശങ്കയുണ്ടായിട്ടുണ്ട്. ഈ വിഷയം പരിഹരിച്ച് പദ്ധതി വേഗത്തില്‍ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ട്രാഫിക് സര്‍വേ കാലഹരണപ്പെട്ടതിനാല്‍ 2025-ലെ പുതിയ ഗതാഗത കണക്ക് പ്രകാരം അങ്കമാലി- കുണ്ടന്നൂര്‍ എന്‍എച്ച് 544 ഭാഗത്ത് ദിവസേന ഏകദേശം 60,000 വാഹനങ്ങള്‍ സഞ്ചരിക്കുന്നു. ഇത് 2018-ലെ ട്രാഫിക് സര്‍വേയില്‍ 2025ല്‍ ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്ന 48,000 വാഹനങ്ങളെക്കാള്‍ വളരെ കൂടുതലാണ്. കൂടാതെ നിര്‍ദ്ദിഷ്ട കൊടുങ്ങല്ലൂര്‍- അങ്കമാലി പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ വഴിയിലെ ഗതാഗത സാന്ദ്രത ഇനിയും വര്‍ധിക്കുമെന്നതില്‍ സംശയമില്ല.
ഇന്‍ഫോപാര്‍ക്ക്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം, റിഫൈനറി, വ്യവസായ മേഖലകള്‍ എന്നിവയിലേക്കുള്ള പ്രധാന കണക്ടിവിറ്റിയാകുന്നതോടൊപ്പം കുണ്ടന്നൂര്‍- മരട് വഴി എന്‍ എച്ച് 66-ലേക്കുള്ള നേരിട്ടുള്ള ബന്ധവും പ്രത്യേകിച്ച് തിരക്കേറിയ മരട്- അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും ഈ ബൈപ്പാസിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഇവയെല്ലാം പരിഗണിച്ചാല്‍ എന്‍ എച്ച് 544 അങ്കമാലി- കുണ്ടന്നൂര്‍- കൊച്ചി ബൈപ്പാസ് പദ്ധതി ദേശീയവും പ്രാദേശികവുമായ അതീവ പ്രാധാന്യമുള്ള പദ്ധതിയാണ്. നിലവിലെ ഗതാഗതാവസ്ഥയും ഭാവിയിലെ വര്‍ധനയും കണക്കിലെടുത്ത് ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ മതിയായ ശേഷിയോടെയും സുരക്ഷയോടെയും ഈ പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമാണ്.
അതിനാല്‍, ഈ വിഷയം അത്യാവശ്യമായി പരിഗണിച്ച് അടിയന്തിര പ്രാധാന്യം നല്‍കി, പുതിയ 3എ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുകയും എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സമയ ബന്ധിത ഇടപെടല്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലോജിസ്റ്റിക് കാര്യക്ഷമത വര്‍ധിപ്പിക്കാനും കേരളത്തിന്റെ സമഗ്ര വികസനത്തിന് ശക്തമായ പിന്തുണ നല്‍കാനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

