പ്രവാസി പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണം; കെ എം സി സി ബഹ്റൈന്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിവേദനം നല്‍കി

Web Desk
2 Min Read

മനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എം സി സി ബഹ്റൈന്‍ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് നിവേദനം നല്‍കി. കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

city exchange

ബഹ്റൈന്‍ കെ എം സി സിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പ്രവാസികളുടെ വിഷയങ്ങള്‍ വിശദമായി കേള്‍ക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഉടന്‍ ചര്‍ച്ച നടത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

വര്‍ഷങ്ങളോളം പ്രവാസി ക്ഷേമനിധിയില്‍ പണം അടച്ചുവരുന്ന അംഗങ്ങള്‍ക്ക് ചെറിയ കുടിശ്ശികയുടെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കെ എം സി സി നിവേദനത്തില്‍ ആവശ്യപ്പെട്ടു. പെന്‍ഷന് അര്‍ഹത നേടിയവര്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ അവസരം നല്‍കി പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു.

പെന്‍ഷന്‍ അപേക്ഷകളില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കാലതാമസം നേരിടുന്ന നിലവിലെ രീതി മാറ്റി ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പെന്‍ഷന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കണമെന്നും അനുവദിക്കപ്പെട്ട മുഴുവന്‍ തുകയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.

- Advertisement -
Ad image

കൃത്യമായി പെന്‍ഷന്‍ ലഭിക്കാതെ കുടിശ്ശികയായി കിടക്കുന്ന തുകകള്‍ ഉടന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60ല്‍നിന്ന് 70 വയസ്സായി ഉയര്‍ത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കി അര്‍ഹരായവര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ എം സി സി അഭ്യര്‍ഥിച്ചു.

സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, എ പി ഫൈസല്‍, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസല്‍ കണ്ടിതാഴ, അഷ്‌റഫ് കാട്ടില്‍പ്പീടിക, വേള്‍ഡ് കെ എം സി സി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, കെ എം സി സി ജില്ലാ- ഏരിയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഒ ഐ സി സി ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!