

കുന്നുംപുറം: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നോർത്ത് ഇടപ്പള്ളി ജി വി എച്ച് എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ കുന്നുംപുറം ജംഗ്ഷനിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.


സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തി ലഹരി എന്ന മഹാവിപത്ത് പടരുകയാണെന്നും അതിനെതിരിൽ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും ക്യാമ്പയിന്റെ ഭാഗമായി എൻ സി സി വിദ്യാർഥികൾ നടത്തിയ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ അംബിക പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉപയോഗം വിദ്യാർത്ഥികളിലേയ്ക്ക് വ്യാപിക്കുന്ന ഈ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലാണ് ഹരം കണ്ടെത്തേണ്ടതെന്ന് ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സാം ലെസ്ലി ലഹരി വിരുദ്ധ സന്ദേശത്തിൽ കുട്ടികളെ ഓർമ്മപ്പെടുത്തി.

പി ടി എ പ്രസിഡന്റ് സുധീർ കെ ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിന്ദു കെ, പി ടി എ വൈസ് പ്രസിഡന്റ് പി എ മുഹമ്മദ്,
മാഹിൻ ബാഖവി, നവീൻ പുതുശേരി, എലിസബത്ത് കെ എസ്, സ്വപ്ന വി, അഖില,
മുത്തലിബ് എം, ശാലിനി വി കെ, ബിജി കെ ആൻഡ്രൂസ്, സുജ ബി മേനോൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ കുന്നുംപുറത്തെ ചുമട്ട് തൊഴിലാളികൾ വെള്ളവും ബിസ്കറ്റും നൽകി സ്വീകരിച്ചു.
