
കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഈ സാമ്പത്തിക വര്‍ഷം 1,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്ന് സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കമ്പനിയുടെ 31-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവുമാണ് രേഖപ്പെടുത്തിയത്. മൊത്തം 1,142 കോടി വരുമാനവും 489.84 കോടി അറ്റാദായവും നേടി. 30 രാജ്യങ്ങളില്‍ നിന്നുള്ള 30,000 ഓഹരി ഉടമകള്‍ക്ക് 50 ശതമാനം ലാഭവിഹിതം നല്‍കണമെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.

ഈ വര്‍ഷം സിയാലിന് ശ്രദ്ധേയമായിരുന്നുവെന്നും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന മികവിലും യാത്രക്കാരുടെ സംതൃപ്തിയിലും അങ്ങനെയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൊച്ചി വിമാനത്താവളം 10 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്തു. ഈ കാലയളവില്‍ 76,068 വിമാന നീക്കങ്ങളാണ് കൈകാര്യം ചെയ്തത്.
സിയാലിന്റെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്. അന്താരാഷ്ട്ര ടെര്‍മിനല്‍ വിപുലീകരണം പുരോഗമിക്കുന്നു. പുതിയ ആപ്രോണ്‍ നിര്‍മ്മാണത്തിന്റെ 50 ശതമാം പൂര്‍ത്തിയായി. ടെര്‍മിനല്‍ ജോലികള്‍ നടക്കുന്നു. ഇറക്കുമതി കാര്‍ഗോ ടെര്‍മിനല്‍, മൃഗങ്ങളുടെ ക്വാറന്റൈന് സൗകര്യം, 0484 എയ്റോ ലോഞ്ച്, കൊച്ചി വിമാനത്താവളത്തിലെ താജ് ഹോട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള പുതിയ സൗകര്യങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഡിജിറ്റൈസേഷനായി സമഗ്രമായ ഒരു പരിപാടിയായ സിയാല്‍ 2.0 ആരംഭിച്ചു.
വ്യോമയാനേതര സംരംഭങ്ങളും വേഗത്തില്‍ മുന്നേറുകയാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വാണിജ്യ മേഖലയും ഗോള്‍ഫ് ടൂറിസം പദ്ധതിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 50 മെഗാവാട്ട് മൊത്തം സ്ഥാപിത ശേഷിയുള്ള സിയാലിന്റെ പുനരുപയോഗ ഊര്‍ജ്ജ നേട്ടങ്ങള്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. പകല്‍ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക സൗരോര്‍ജ്ജം ഗ്രിഡിലേക്ക് വിതരണം ചെയ്യുന്നു. അതേസമയം രാത്രിയില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതി പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇത് കമ്മീഷന് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ബിപിസിഎല്ലുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദന പദ്ധതി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
വ്യോമയാന മേഖലയുടെ വളര്‍ച്ച തൊഴില്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ഗണ്യമായ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈനായി നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സിയാല്‍ ഡയറക്ടര്‍മാര്‍, മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

