

കോഴിക്കോട്: കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സമീപം ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാരന്തൂര്‍ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകന്‍ നിഹാല്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

പെയിന്ററായി ജോലി ചെയ്യുകയായിരുന്ന നിഹാല്‍ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അര്‍ജുന്‍ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജുന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. നിഹാലിന്റെ മാതാവ്: നഫീസ. സഹോദരങ്ങള്‍: നൂരിയ. പരേതയായ നഹീദ.
