
ആലുവ: ആലുവ നിയോജക മണ്ഡലത്തില്‍ പി ഡബ്ല്യൂ ഡി വകുപ്പിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാമായി എല്ലാ മാസവും ചേരുന്ന സി എം ടി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ സാദത്ത് എം എല്‍ എ രൂക്ഷവിമര്‍ശനമുയര്‍ത്തി.

തേവയ്ക്കല്‍- പൂക്കാട്ടുപടി, ആലുവ- മൂന്നാര്‍ റോഡുകള്‍ യഥാസമയം മെയിന്റനന്‍സ് നടത്താത്തതുമൂലം കുണ്ടും കുഴിയുമായി സുരക്ഷിത ഗതാഗത്തിന് യോഗ്യമല്ലാതായ കാര്യം ചൂണ്ടിക്കാണിച്ചാണ് എം എല്‍ എ യോഗത്തില്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചത്. കുഴികളില്‍ വീണു അപകടമുണ്ടാകുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്ന് എം എല്‍ എ മുന്നറിയിപ്പും നല്കി.

മഴയാരംഭിക്കുന്നതിനു മുന്‍പു തന്നെ റോഡുകള്‍ മെയിന്റനന്‍സ് നടത്തി സുഗമമായ ഗതാഗതത്തിന് യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോട് പലവട്ടം നിര്‍ദ്ദേശിച്ചിരുന്ന കാര്യം ഓര്‍മപ്പെടുത്തുകയും അതില്‍ ഉദ്യോഗസ്ഥര്‍ക്ക് ശരിക്കും വീഴ്ച പറ്റിയെന്നും യോഗത്തില്‍ എം എല്‍ എ പറഞ്ഞു.
ആലുവ- മൂന്നാര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ ടാറിങ്ങ് നടത്തുന്നതിന് 5 കോടിയുടെ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ മഴക്കാലമായതിനാല്‍ ബി എം ബി സി ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ചീഫ് എഞ്ചിനീയറുടെ പ്രത്യേക അനുമതി വാങ്ങി ചൂണ്ടി, കൊച്ചിന്‍ ബാങ്ക് എന്നീ ജംഗ്ഷനുകളിലും മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളിലും ടൈലുകള്‍ വിരിക്കുവാന്‍ തീരുമാനിച്ചു. ചീഫ് എഞ്ചിനീയറുമായി എം എല്‍ എ ഇക്കാര്യം ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു.
തോട്ടുമുഖം, കൊച്ചിന്‍ ബാങ്ക്, മെഡിക്കല്‍ കോളേജ് റോഡില്‍ കിന്‍ഫ്രയുടെ കുടിവെള്ളപദ്ധതിക്ക് നല്കിയ എന്‍ ഒ സി റദ്ദാക്കി നിലവില്‍ ലഭ്യമായ ഫണ്ടുപയോഗിച്ച് ബി എം ബി സി ടാറിങ്ങ് നടത്തി റോഡിന്റെ പുനരുദ്ധാരണം നടത്തണമെന്ന് എം എല്‍ എ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.
ആലുവ- മൂന്നാര്‍, ആലുവ- പെരുമ്പാവൂര്‍ റോഡുകള്‍ നാലുവരിയാക്കി നിര്‍മ്മിക്കല്‍, കരക്കാട്ടുകുന്ന് പൊയ്ക്കാട്ടുശ്ശേരി റോഡ്, കപ്രശ്ശേരിയിലെ കൈതക്കാട്ടുചിറ കള്‍വര്‍ട്ട് രണ്ടാംഘട്ടം, ചെങ്ങമനാട്, കോമ്പാറ എന്നീ ജംഗ്ഷനുകള്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കല്‍, എടത്തല പഞ്ചായത്തിലെ പി വി ഐ പി കനാല്‍ പാലം, ചെങ്ങമനാട് ഇ ഒ ഇ തുടങ്ങിയ പ്രധാന പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബിജി പി വി, റോഡ്സ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ സിനോജ് ജോയ് പി, കെ ആര്‍ എഫ് ബി അസി. എക്‌സി. എഞ്ചിനീയര്‍ ശില്‍പ കെ എം, വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എഞ്ചിനീയര്‍മാരായ സജി ആര്‍, ഹിത കെ എസ്, അസി. എഞ്ചിനീയര്‍മാരായ ട്രീസ സെബാസ്റ്റ്യന്‍, സന്തോഷ് കെ സി, ഡാലി ആഗസ്റ്റിന്‍ കെ, ജെയിന്‍ പി ജി, സൗമ്യ സുകുമാരന്‍, അസീം എ, പ്രിന്‍സ് വര്‍ഗ്ഗീസ്, വിഷ്ണു ആര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

