

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിവരുന്ന അലൈവ് പദ്ധതിയുടെ മൂന്നാം ഘട്ടമായ ‘അലൈവ് 3.0’ന്റെ ഉത്ഘാടനം ആലുവ സെന്റ് സേവിയേഴ്സ് വിമന്‍സ് കോളേജില്‍ നെതര്‍ലാന്റ്‌സ് മുന്‍ അംബാസിഡര്‍ വേണു രാജാമണി നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സബ് കളക്ടര്‍ കെ മീര, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വി ക്യാന്‍ സോഷ്യല്‍ ഇന്നോവേറ്റേഴ്‌സ് സി ഇ ഒ അഖില്‍ കുര്യന്‍, ഡി ഡി ഇ ഹണി വി അലക്‌സാണ്ടര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയകുമാര്‍, സഫയര്‍ ഫ്യൂചര്‍ അക്കാദമി സി ഇ ഒ ടി സുരേഷ് കുമാര്‍, ട്രിപ്പിള്‍ ഐ കോമേഴ്സ് അക്കാദമി ഡയറക്ടര്‍ ഷെറിന്‍ കളത്തില്‍, അലൈവ് കോ ഓര്‍ഡിനേറ്റര്‍ ഐറിന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കി വരുന്ന അലൈവ് പദ്ധതി നൂതനവും പുതുതലമുറയെ ശാസ്ത്രീയമായ രീതിയില്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്തരാക്കുന്നതും മികച്ച മനക്കരുത്തോടെ പ്രശ്‌നങ്ങളെ നേരിട്ട് പരിഹാരം കണ്ടു ഭാവിയിലേക്ക് മുന്നേറുവാനും സഹായിക്കുന്നതാണെന്നും ഇങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ എം എല്‍ എ നടപ്പിലാക്കിയ അലൈവ് പദ്ധതി മറ്റു ജനപ്രതിനിധികള്‍ക്ക് മാതൃകയാന്നെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വേണു രാജാമണി പറഞ്ഞു.
തന്റെ വിദ്യാഭ്യാസ കാലത്ത് എം എല്‍ എ നടപ്പിലാക്കുന്ന കരിയര്‍ ഗൈഡന്‍സ് പോലുള്ള പദ്ധതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഐ എ എസ് ലഭിക്കുന്നതിന് തനിക്ക് നഷ്ടമായ മൂന്നു നാലു കൊല്ലങ്ങള്‍ ലാഭിക്കാമായിരുന്നു എന്നും ഇങ്ങനെയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കിയ എം എല്‍ എയെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നുവെന്നും മീര ഐ എ എസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും അലൈവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നല്കുന്ന നൂതനമായ അഭിപ്രായങ്ങള്‍ പരിഗണിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് എം എല്‍ എ പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം വേണു രാജാമണി, മീര ഐ എ എസ്, അന്‍വര്‍ സാദത്ത് എം എല്‍ എ എന്നിവരുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. ചോദ്യങ്ങള്‍ക്ക് മൂന്നുപേരും നല്‍കിയ മറുപടികള്‍ വിദ്യാര്‍ഥികള്‍ സന്തോഷപൂര്‍വ്വം കയ്യടിയോടെ സ്വീകരിച്ചു.
മൊത്തത്തിലുള്ള വിദ്യാര്‍ഥികളുടെ വികാരമായി ഒരു വിദ്യാര്‍ഥി കുട്ടികള്‍ക്ക് ബസ്സില്‍ ലഭിക്കേണ്ട സ്റ്റുഡന്‍സ് കണ്‍സഷന്‍ നിഷേധിക്കുന്നുവെന്നും പ്രൈവറ്റ് ബസ്സുകാര്‍ കണ്‍സഷന്‍ ഔദാര്യമായിട്ടാണ് കാണുന്നതെന്നും ചില ബസ്സ് ജീവനക്കാര്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്നുവെന്നും അതുകൊണ്ട് എം എല്‍ എ ഈ വിഷയത്തില്‍ ഇടപെട്ട് കുട്ടികള്‍ക്ക് ലഭിക്കേണ്ട കണ്‍സഷന്‍ മുടങ്ങാതെ കിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ ലഭിക്കുന്ന കണ്‍സഷന്‍ ബസുടമകളുടെ ഔദാര്യമല്ലെന്നും അത് വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെട്ട് കുട്ടികള്‍ക്ക് അര്‍ഹമായ കണ്‍സഷന്‍ മുടങ്ങാതെ ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ കുട്ടികള്‍ക്ക് ഉറപ്പു നല്‍കി.
വി ക്യാന്‍ സോഷ്യല്‍ ഇന്നോവേറ്റേഴ്‌സാണ് മണ്ഡലത്തില്‍ പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. അലൈവ് കരിയര്‍ വണ്ടി, അലൈവ് ലക്ഷ്യം, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്ലബ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിയ പദ്ധതി ഈ വര്‍ഷം മുതല്‍ എല്‍ പി, യു പി വിദ്യാര്‍ഥികളെ എല്‍ എസ് എസ്, യു എസ് എസ്, ഒളിമ്പ്യാഡ് മുതലായ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനു പരിശീലനം നല്‍കുന്ന പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

