Featured
പ്രാദേശിക ഈത്തപ്പഴ മേളയില്‍ അഞ്ചു ദിനങ്ങളില്‍ വിറ്റത് ഒരു ലക്ഷത്തിലേറെ കിലോഗ്രാം
ദോഹ: സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴ മേളയില്‍ അഞ്ചു ദിവസം കൊണ്ട് വിറ്റഴിച്ചത് 100984 കിലോഗ്രാം ഈത്തപ്പഴം.
2024 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 3 വരെ നീളുന്ന 12 ദിവസത്തെ ഫെസ്റ്റിവല്‍ എല്ലാ ദിവസവും വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ യാര്‍ഡിലാണ് പ്രദര്‍ശനം.
ഈ വര്‍ഷത്തെ ഈത്തപ്പഴ മേളയില്‍ ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബര്‍ഹി, നാബ്ത് സെയ്ഫ്, ലുലു, റാസിസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രാദേശിക ഈത്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
ആദ്യ ദിവസം 16,920 കിലോഗ്രാം, രണ്ടാം ദിവസം 18,746 കിലോഗ്രാം, മൂന്നാം ദിവസം 20,049 കിലോഗ്രാം, നാലാം ദിവസം 22,749 കിലോഗ്രാം, അഞ്ചാം ദിവസം 22520 കിലോഗ്രാം എന്നിങ്ങനെയാണ് വിറ്റഴിച്ചത്.
ഖലാസ് ഈത്തപ്പഴമാണ് ഏറ്റവും ജനപ്രിയം. ഷിഷിയും ഖനിസിയുമാണ് ഖലാസിന് ശേഷം നടന്ന വില്‍പ്പന.
ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ 110 ഫാമുകളില്‍ നിന്നുള്ള പങ്കാളിത്തമുണ്ട്. മറ്റ് വിപണികളുമായി മത്സരിക്കുന്ന വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള പുതിയ ഈത്തപ്പഴങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.