
കൊച്ചി: വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയന്‍ വന്നേരി. പശുപതി, ജനനി അയ്യര്‍, ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ ചു ക എന്ന ചിത്രമാണ് ജയന്‍ വന്നേരിയുടെ ആദ്യ സംരംഭം.

തുടര്‍ന്ന് ജോജു ജോര്‍ജ്, ലിജാ മോള്‍, അഭിരാമി, എന്നിവരെ പ്രധാനമായും അവതരിപ്പിച്ചു കൊണ്ട് ഒറ്റക്കൊരു കാമുകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങളും വ്യത്യസ്ഥമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും ഏറെ പ്രശംസ നേടുകയുണ്ടായി. അതിനു ശേഷം ജയന്‍ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആരണ്യകാണ്ഡത്തിന് വിജയദശമി ദിനത്തില്‍ ആരംഭം കുറിച്ചു.

പോംപി എന്റെര്‍ടൈന്‍മെന്റ്‌സ്, ഫ്‌ളൈയിംഗ് കളേഴ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയായിരുന്നു തുടക്കമിട്ടത്. ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംവിധായകന്‍ ജയന്‍ വന്നേരിയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പൂര്‍ണ്ണമായും ഒരു ഫോറസ്റ്റിനുള്ളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. കാടിന്റെ വന്യതയും നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ ഒരു ചലച്ചിത്ര അനുഭവമായിരിക്കും ഈ ചിത്രം. ഒരു കടുവയുടെ കണ്ണില്‍ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെണ്‍കുട്ടിയുടെ രൂപമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു കാട്. മനുഷ്യന്റെ ഉല്പത്തിയും പരിണാമവും സംഭവിക്കുന്നതിന് സാക്ഷിയായ ഇരുണ്ട വനസ്ഥലികള്‍, പിന്നീടവന്‍ കാടിന് മീതെ അധികാരം സ്ഥാപിച്ച് അവന്റെ സാമ്രാജ്യം പണിതു. കാട് നശിപ്പിച്ചു, മൃഗങ്ങള്‍ അനാഥരായി, പകരം അവന്റെ ഉള്ളില്‍ മറ്റൊരു കൊടും കാട് രൂപപ്പെടുകയും അവിടെ വന്യമൃഗങ്ങള്‍ വിരാജിക്കുകയും ചെയ്തു. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കാടുണ്ട്. നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ച, അപകടങ്ങള്‍ പതിയിരിക്കുന്ന, അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കൊടും കാട്. അവനെ അറിയുകയെന്നാല്‍ അവന്റെ ഉള്ളിലെ കാടിനെ അറിയുകയെന്നാണ്. ആ വനാന്തരങ്ങളില്‍ യുദ്ധം ചെയ്യുക എന്നാണ്. ആ യുദ്ധത്തിന്റെ കഥയാണ് ആരണ്യകാണ്ഡം. ഒരു കടുവ ഈ ചിത്രത്തിലെ മുഴുനീള കഥാപാത്രമായി എത്തുന്നതും ഏറെ പ്രാധാന്യം നല്‍കുന്നതാണ്.
വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു കമ്പനിയാണ് വി എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. അഞ്ജലി രാജ് എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൂര്യാ ക്രിഷ് ആണ് നായകന്‍. മാര്‍ട്ടിന്‍ മുരുകന്‍, ഡിനീഷ് ആലപ്പുഴ, പ്രമോദ് വെളിയനാട്, മേജര്‍ രവി, മനോജ് കെ യു, സാജന്‍ സുദര്‍ശനന്‍, കാര്‍ത്തി ശ്രീകുമാര്‍, അനില്‍ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സംഗീതം- ഗോപി സുന്ദര്‍, ഛായാഗ്രഹണം- ജോമോന്‍ തോമസ്, എഡിറ്റിംഗ്- സോബിന്‍ കെ സോമന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ജഗത്, കോസ്റ്റ്യം ഡിസൈന്‍- അനീഷ് തൊടുപുഴ, മേക്കപ്പ്- ജോണ്‍ വിക്ടര്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍- അരുണ്‍ ലാല്‍, വി എഫ് എക്‌സ് പ്രൊഡ്യൂസര്‍- ഗായത്രി പന്തലങ്ങട്ടില്‍, സ്റ്റില്‍സ്- റഫീഖ് പട്ടേരി, കണ്‍ട്രോളര്‍- പ്രവീണ്‍ എടവണ്ണപ്പാറ.
നവംബര്‍ അഞ്ചു മുതല്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പാലക്കാട് ധോണി, വാഗമണ്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. അഞ്ചു ഭാഷകളിലായാണ് ചിത്രമെത്തുന്നത്.

