Special
ചാന്‍സ് തട്ടിയെടുക്കല്‍ ഏതുകാലത്തുമുണ്ട്; കിട്ടുന്നതാണ് സൗഭാഗ്യം: നടി ഭാഗ്യശ്രീ
ചാന്‍സ് തട്ടിയെടുക്കല്‍ ഏതു കാലഘട്ടത്തിലും ഉണ്ട്. അതിന് എണ്‍പതുകള്‍ എന്നോ തൊണ്ണൂറുകള്‍ എന്നോ രണ്ടായിരാമാണ്ടെന്നോ വ്യത്യാസമില്ല. ഈശ്വരനില്‍ വിശ്വസിക്കുന്നതുകൊണ്ട് ഈശ്വരന്‍ അറിയാതെ ഒരിലപോലും വീഴില്ല എന്നാണ് എന്റെ മോട്ടോ. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ഞാന്‍ അത്ര കാര്യമാക്കിയിരുന്നില്ല- പഴയകാല നായിക ഭാഗ്യശ്രീ വ്യക്തമാക്കി.
ഉണ്ണിമേരിയും അംബികയും ശ്രീദേവിയും രാധയും രാധികയും ശോഭനയും മേനകയും ഊര്‍വ്വശിയുമെല്ലാം മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ സിനിമയില്‍ വന്നയാളാണ് ഞാന്‍. ഒരിക്കലും അവരൊന്നും എന്നോട് അകല്‍ച്ച കാണിച്ചിരുന്നില്ല.
ഇവരൊക്കെ വളരെ ബിസിയായി നില്‍ക്കുമ്പോഴും ഞാനും എന്റേതായ രീതിയില്‍ വളരെ ബിസിയായിരുന്നു. ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളും സിനിമകളുമായി നിന്നു തിരിയാന്‍ സമയമില്ലാത്ത കാലം നാലു ഭാഷകളിലുമായി ഓടി നടന്നു അഭിനയിച്ചു.
എണ്‍പതുകളുടെ അവസാനമായപ്പോള്‍ തമിഴിലെ മുടിചൂടാമന്നനായ സംവിധായകന്‍ തന്റെ സിനിമയിലേക്ക് റഹ്മാന്റെ നായികയായി എന്നെ തെരെഞ്ഞെടുത്തു. ഫോട്ടോ ഷൂട്ട് കഴിഞ്ഞു എന്റെയും റഹ്മാന്റേയും ഫോട്ടോകള്‍ എല്ലാ മാഗസിനുകളിലും വന്നു. തെലുഗ് സിനിമയുടെ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ എന്നെ തേടി ഹോട്ടലിലേക്ക് ഒരു കാള്‍ വന്നു. പ്രസ്തുത സിനിമക്ക് ഭാഗ്യശ്രീ വാങ്ങിച്ച അഡ്വാന്‍സ് തിരിച്ചുകൊടുക്കണമെന്ന് ഞാനല്ല ആ സിനിമയിലെ നായിക എന്നുമായിരുന്നു ഫോണ്‍ സന്ദേശം.
അക്കാലത്തു ധാരാളം വര്‍ക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട് പണം തിരിച്ചുകൊടുക്കുന്നതില്‍ എനിക്ക് നീരസം തോന്നിയില്ല. ഇത്രയും വലിയ ഒരു സംവിധായകന്റെ സിനിമയില്‍ നിന്നും തഴഞ്ഞതില്‍ ആയിരുന്നു എനിക്ക് വിഷമം. മാനസികമായി വിഷമിച്ച സമയത്ത് ലൊക്കേഷനില്‍ കൂടെ ഉണ്ടായിരുന്ന രമ്യാകൃഷ്ണന്‍ എന്നെ ആശ്വസിപ്പിച്ചു. അതെല്ലാം സിനിമയില്‍ സാധാരണമാണ് നീ നിന്റെ മനസ്സുവിഷമിപ്പിച്ചാല്‍ നിനക്കാണ് നഷ്ടം. അതുകൊണ്ട് ഒന്നും മൈന്‍ഡ് ചെയ്യരുത്. ആരോഗ്യമുള്ള മനസ്സോടെ ജോലി ചെയ്യുക- അതായിരുന്നു രമ്യയുടെ ഉപദേശം.
ഞാന്‍ അതുമായി താദാത്മ്യം പ്രാപിച്ചു. പിന്നീട് തമിഴില്‍ പുതുമുഖമായ ഒരു നടി ആ ചിത്രം
ചെയ്യുകയും പടം സൂപ്പര്‍ഹിറ്റാവുകയും അതോടുകൂടി ആ നടിയുടെ തലവര തന്നെ മാറിപ്പോവുകയും ചെയ്തു. ഇന്ന് ആ നടിക്ക് അത്രവലിയ ഐശ്വര്യ പൂര്‍ണമായ ഒരു ജീവിതവുമല്ല അതിലേറെ എത്രയോ ഭംഗിയായി ജീവിക്കാന്‍ എനിക്ക് കഴിയുന്നതും ഈശ്വരന്റെ കൃപയാണെന്നും ഞാന്‍ വിശ്വസിക്കുന്നു.
പിന്നീട് കുറേകാലം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത് ആ പടത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പുതുമുഖനായികയെ സെലക്ട് ചെയ്തശേഷം സംവിധായകനോട് പറഞ്ഞത് ഭാഗ്യശ്രീ ഇടയ്ക്കിടെ വിളിച്ചു ഷൂട്ടിംഗ് തിയ്യതി മാറ്റിവെക്കാന്‍ പറയുന്നു എന്ന്. ആ തെറ്റിദ്ധാരണയില്‍ ആണ് സംവിധായകന്‍ എന്നെമാറ്റി തമിഴിലെ പുതുമുഖ നായികയെ സെലക്ട് ചെയ്തത്.
ഇന്നത്തെപോലെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉണ്ടെങ്കില്‍ അതുപോലെയുള്ള ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ ഒരിക്കലും വിശ്വാസയോഗ്യമാകില്ല. അന്നും ഇന്നും താന്‍ ആരുടെയും ചാന്‍സുകള്‍ തട്ടിയെടുക്കാന്‍ പോകാറില്ലെന്നും അങ്ങിനെ ഒന്നും ഒരിക്കലും ജീവിതം മനോഹരമാക്കാന്‍ കഴിയില്ലെന്നും കിട്ടിയതെല്ലാം ഭാഗ്യമായി കരുതുന്നതിനാല്‍ തന്റെ ജീവിതം അമൃതുപോലെ മധുരമാണെന്നും ഭാഗ്യശ്രീ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമകളില്‍ മാത്രം ഭാഗ്യലക്ഷ്മി എന്നപേരില്‍ അറിയപ്പെടുന്ന ഭാഗ്യശ്രീ, ഇപ്പോള്‍ തമിഴിലെ നമ്പര്‍ വണ്‍ സീരിയലുകളില്‍ ഒന്നായ ‘സിറഗടിക്ക ആസെയില്‍’ ശക്തമായ കഥാപാത്രം ചെയ്തുകൊണ്ട് നിറഞ്ഞാടുകയാണ്.