Special
സമൂഹത്തിന് സാന്ത്വനസ്പര്‍ശമായ് സലാം കുമാര്‍
പത്തനംതിട്ട: റാന്നി നാറാണംമൂഴി ഉന്നത്താനി ലക്ഷംവീട് കോളനിയില്‍ കുഞ്ഞുഞ്ഞിന്റെയും ഉഷയുടെയും മകനായ സലാം കുമാറിന്റെ നന്മ മനസ്സ് സമൂഹത്തിന് സാന്ത്വനമാകുന്നു. സ്വന്തം പരിമിതികളില്‍ വേദന കാണാതെ മറ്റുള്ളവരുടെ വേദന മാറ്റാനാണ് ഈ യുവാവിന്റെ ജീവിതം മാറ്റിവച്ചിരിക്കുന്നത്.
ഒന്നര വയസുള്ളപ്പോള്‍ പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും സ്വാധീനമില്ലാതെയായപ്പോള്‍ മുതല്‍ കൈകള്‍ കുത്തിയാണ് സലാം കുമാര്‍ നടക്കുന്നത്. പത്താംക്ലാസ് വരെ പഠിച്ച സലാം കുമാര്‍ പല തൊഴിലുകള്‍ ചെയ്തിട്ടും അതിലൊന്നും
വിജയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ചെറിയ രീതിയില്‍ സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്നു. ചെറിയ രീതിയില്‍ കേറ്ററിഗും നടത്തിവരുന്നു.
15 വയസുമുതല്‍ സന്നദ്ധ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി. കോവിഡ്
സമയത്ത് ആള്‍േ്രടഷന്‍ ചെയ്ത തന്റെ കാര്‍ ആംബുലന്‍സാക്കി മാറ്റി ആയിരക്കണക്കിന് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചു. ആഹാരസാധനങ്ങളും സൗജന്യ കിറ്റുകളും അവരുടെ വീടുകളിലും എത്തിച്ചു. നിസ്വാര്‍ഥ സേവനത്തിന്റെ അംഗീകാരമായി ഏഷ്യാനെറ്റ് ഏര്‍പ്പെടുത്തിയ കോവിഡ് മുന്നണി പോരാളിയ്ക്കുള്ള പുരസ്‌കാരം വ്യവസായ പ്രമുഖന്‍ ഡോ. എം എ യൂസഫലിയില്‍ നിന്നും ഏറ്റുവാങ്ങി.
ചോര്‍ന്നൊലിക്കുന്ന വീടിന്റെ അവസ്ഥ മനസിലാക്കിയപ്പോള്‍ നല്ലൊരു വീടും ആംബുലന്‍സും സലാം കുമാറിന് യൂസഫലി സമ്മാനിച്ചു. ആരോരുമില്ലാത്തവരെ ആശുപത്രിയില്‍ എത്തിച്ചും അനാഥര്‍ക്ക് സഹായങ്ങളും
നല്‍കിയും സലാം കുമാര്‍ സജീവമാണ്. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ആഹാര സാധനങ്ങളും പഠനസാമഗ്രികളും എത്തിക്കുന്നുണ്ട്.
പ്രവാസികളുടെ സഹായത്തോടെ രോഗികള്‍ക്ക് ചെറിയ സാമ്പത്തിക സഹായങ്ങളും നല്‍കുന്നുണ്ട്. വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കും ഈ യുവാവ് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നേരിട്ട് എത്തിച്ചു. സ്വന്തം വിഷമങ്ങള്‍ മറന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സലാം കുമാര്‍ മുന്നോട്ടുപോകുന്നു.