ഡോ. പി ജി വര്‍ഗ്ഗീസ് ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പ്രേക്ഷകരിലേക്ക്

Web Desk
3 Min Read

കൊച്ചി: പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്‍പിരിഞ്ഞു പോയ ഭാര്യയും ഭര്‍ത്താവും വീണ്ടും ഒരുമിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റേയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പറയുന്നത് ആ കഥയാണ്.

city exchange

കാഞ്ഞിരപ്പള്ളിക്കാരന്‍ ടോമിയുടെയും ഭാര്യ ബിന്ദുവിന്റേയും യഥാര്‍ഥ ജീവിത കഥ. ചിത്രം ഇപ്പൊള്‍ യൂ ട്യൂബില്‍ ഫെയ്ത് ടുഡേ എന്ന ചാനലില്‍ ലഭ്യമാണ്. ഹാര്‍വെസ്റ്റ്, പവര്‍ വിഷന്‍, ജീവന്‍ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പര്‍ശിയായ ഈ കഥയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇവാന്‍ജെലിക്കല്‍ ടീമിന്റെ (ഐ ഇ ടി) തന്നെ മറ്റൊരു ശാഖയായ ഫെയ്ത് ടുഡേ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു സമൂഹത്തിലേക്ക് ആശയങ്ങള്‍ എത്തിക്കുന്ന രീതികളും മാറണമെന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഐ ഇ ടിയുടെ സ്ഥാപകനുമായ ഡോ. പി ജി വര്‍ഗ്ഗീസിനു നിര്‍ബന്ധമുണ്ടായിരുന്നു. അത്തരമൊരു ആശയത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ചിത്രം പിറന്നത്. മുന്‍പും ദൃശ്യമാധ്യമ രംഗത്ത് പല സംഭാവനകളും നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ക്യാന്‍വാസില്‍ ബൃഹത്തായ ഒരു പ്രോജക്ടിന് ഐ ഇ ടി മുന്‍കൈയെടുക്കുന്നത്.

നിസ്സാരകാര്യങ്ങളില്‍ പോലും ദമ്പതികള്‍ വിവാഹ മോചിതരാകുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരു കഥയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പി ജി വര്‍ഗീസ് പറഞ്ഞു. പരമാവധി ആളുകളിലേക്ക് ചിത്രം എത്തുക, പരമാവധി പേര്‍ കാണുക എന്നത് മാത്രമാണ് ലക്ഷ്്യം. അതിനായി ഏറ്റവും നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ബെറ്റര്‍ ഹാഫ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം തികച്ചും സൗജന്യമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

- Advertisement -
Ad image

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂരജ് ടോം നേതൃത്വം നല്‍കുന്ന സ്റ്റെപ് 2 ഫിലിംസ് ആണ് ഫെയ്ത് ടുഡേയ്ക്ക് വേണ്ടി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ബെറ്റര്‍ ഹാഫ് എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോസ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്റേതാണ് ബെറ്റര്‍ ഹാഫിന്റെ പശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂര്‍, പാടിയത് അഭിജിത് കൊല്ലം.

പാ.വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സര്‍ക്കസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം രമേശ്, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍: ഫെയ്ത് ടുഡേ, നിര്‍മ്മാണം: ഡോ. പി ജി വര്‍ഗ്ഗീസ്, സാക്ഷാത്കാരം: സ്റ്റെപ് 2 ഫിലിംസ്, രചന: അജീഷ് പി തോമസ്, ഛായാഗ്രഹണം: സാഗര്‍ അയ്യപ്പന്‍, ഗാനരചന, സംഗീതം: റോണ കോട്ടൂര്‍, പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമ്പിളി, എഡിറ്റിങ്: രാജേഷ് കോടോത്ത്, ആര്‍ട്ട്: അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും: ആരതി ഗോപാല്‍, മേക്കപ്പ്: നജില്‍ അഞ്ചല്‍, പി ആര്‍ ഒ: പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍: മനോജ് മാത്യു, സ്റ്റില്‍സ്സ് സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍: ആര്‍ട്ടോകാര്‍പസ്, കളറിസ്റ്റ്: ബിപിന്‍ വര്‍മ്മ, സ്റ്റുഡിയോ: ടീം മീഡിയ കൊച്ചി.

Share This Article
Leave a Comment
error: Content is protected !!