ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് തുടക്കം

Web Desk
3 Min Read

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ് വിനോദ സഞ്ചാര മേഖലയില്‍ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് പത്മശ്രീ ഭരത് മമ്മൂട്ടി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ബേപ്പൂര്‍ മറീനയില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകപ്രശസ്തമായ ഉരു നിര്‍മാണത്തിന്റെ നാട് വാട്ടര്‍ ഫെസ്റ്റിലൂടെ വലിയൊരു ജലോത്സവത്തിന് വേദിയാവുകയാണ്. വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകുന്നതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പരിപാടി കാരണമാകും. നെഹ്‌റു ട്രോഫി വള്ളംകളി പോലെ പ്രശസ്തിയാര്‍ജ്ജിക്കാന്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

city exchange

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് യഥാര്‍ഥത്തില്‍ ചരിത്രാന്വേഷണമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നതിനിടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകള്‍ ബേപ്പൂരിനുണ്ട്. കരയിലും വെള്ളത്തിലും ചരിത്രം അലിഞ്ഞു ചേര്‍ന്ന നാടാണിത്. പശ്ചിമേഷ്യയില്‍ നിന്നുള്ള കച്ചവടക്കാര്‍ എത്തിയിരുന്ന പ്രദേശമാണ് ബേപ്പൂര്‍ മറീന. ഗ്രീക്ക്- റോമന്‍ സാഹിത്യകൃതികളിലടക്കം ഇടം നേടിയിട്ടുള്ള നാടാണിത്. 1000 ബി സിയ്ക്കും 500 എ ഡിയ്ക്കുമിടയില്‍ ഈ പ്രദേശം സജീവമായിരുന്നു. ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി ബേപ്പൂരിനെ കുറിച്ച് കൂടുതല്‍ ഗവേഷണവും പഠനവും ആവശ്യമായി വന്നിരിക്കുകയാണ്. അവ പഠിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യണമെന്ന് സര്‍ക്കാരും ആഗ്രഹിക്കുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സൗഹൃദത്തിന്റെയും കച്ചവടത്തിന്റെയും പാരമ്പര്യമുള്ള നാട് എന്ന നിലയില്‍ ചരിത്ര- ചരിത്രാതീത പശ്ചാത്തലത്തില്‍ കാലൂന്നിയാണ് നാം വാട്ടര്‍ ഫെസ്റ്റ് നടത്തുന്നത്. ഇവിടത്തെ ഉരു ലോക പ്രശസ്തമാണ്. ഖത്തറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പില്‍ ബേപ്പൂരിലെ ഉരു പ്രദര്‍ശിപ്പിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വിനോദ സഞ്ചാര മേഖലയെ കോവിഡ് ഏറെ ബാധിച്ചു. ഈ മേഖലയില്‍ മാത്രം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായി. വിനോദ സഞ്ചാര വികസനമാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ ടൂറിസം വികസിക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവും മാറും. അതാണ് ഉത്തരവാദിത്ത ടൂറിസം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ബേപ്പൂരിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

വിനോദ സഞ്ചാരത്തില്‍ ഗതാഗത വികസനത്തിന് ഏറെ പ്രാധാന്യമുണ്ട്. ബേപ്പൂര്‍- ചെറൂട്ടി റോഡ് (ബി സി റോഡ്)
നാലുവരിയാക്കുന്നതിന് അനുമതി കിട്ടിക്കഴിഞ്ഞു. മാത്തോട്ടം- പുലിമുട്ട് റോഡ് നവീകരണത്തിന് പണം അനുവദിച്ചു. വട്ടക്കിണര്‍ റോഡ് വികസിപ്പിക്കാന്‍ തീരുമാനമായി. വട്ടക്കിണര്‍ മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനു മുകളിലൂടെ ഫ്‌ളൈ ഓവറും കരുണ ഹോസ്പിറ്റല്‍ മുതല്‍ റെസ്റ്റ് ഹൗസ് വരെ പാലവും നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയുന്നതു സംബന്ധിച്ച് ആലോചിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര- സംസ്ഥാന തുറമുഖ വകുപ്പു മന്ത്രിമാരുമായി ഡിസംബര്‍ 27ന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരുന്നു. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു മുഖ്യപ്രഭാഷണം നടത്തി. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ക്യാപ്റ്റന്‍ അഭിലാഷ് ടോമി, ജില്ലാ പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സബ് കലക്ടര്‍ വി ചെല്‍സ സിനി നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി സംഗീത വിരുന്നൊരുക്കിയ നേവി ബാന്‍ഡിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉപഹാരം നല്‍കി.

Share This Article
Leave a Comment
error: Content is protected !!