

കോഴിക്കോട്: വിമനാപകട പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം പി ആവശ്യപ്പെട്ടു. വിമനാപകട കാരണത്തെ കുറിച്ചു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കരിപ്പൂരിലെ ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയല്ല എന്നും പൈലറ്റിന്റെ പിഴവാണെന്നും വ്യക്തമായ സാഹചര്യത്തില്‍ നിര്‍ത്തി വെച്ച വൈഡ് ബോഡി വിമാനങ്ങള്‍ ഉടന്‍ പുനാരാരംഭിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. മലബാര്‍ ഡെവലപ്മെന്റ് ഫോറം കരിപ്പൂര്‍ വിമാനത്താവള സുരക്ഷയിലുള്ള ആശങ്ക അകലുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം ഡി എഫ് പ്രസിഡന്റ് എസ് എ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ യു എ നസീര്‍ ആമുഖ പ്രസംഗം നടത്തി.

സംസ്ഥാന സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതിയില്‍ കണ്ണൂര്‍, തിരുവന്തപുരം, കൊച്ചി താവളങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കോഴിക്കോടിനെ അവഗണിച്ചത് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ഫീല്‍ഡ് ഹൈവേ റോഡ് പദ്ധതിയില്‍ നിന്ന് പോലും കരിപ്പൂരിനെ തഴയുന്ന സ്ഥിതിവിശേഷം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിപ്പൂരിനെ തകര്‍ക്കാന്‍ ചില ലോബികള്‍ ഇന്നും സജീവമായി രംഗത്തുണ്ട് എന്നാണ് ഭൗതിക സാഹചര്യവികസനത്തിന് പോലും അള്ള് വെയ്ക്കുന്ന നടപടിയില്‍ നിന്നും ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള ഉപദേശകസമിതി അംഗം പി വി ഗംഗാധരന്‍, കേരള പ്രവാസി ക്ഷേമനിധി അംഗം ബാദുഷ കടലുണ്ടി, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, റിട്ടയേര്‍ഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വിജയകുമാര്‍, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ, ലോക കേരളസഭ അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, എം ഡി എഫ് വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ സെല്‍ കണ്‍വീനര്‍ ഡോ. സജ്ജാദ് ഹുസൈന്‍, എം ഡി എഫ് രക്ഷാധികാരി സഹദ് പുറക്കാട്, ഭാരവാഹിളായ സന്തോഷ് കുമാര്‍ വി പി, സി എസ് വാസന്‍, അഷറഫ് കളത്തിങ്ങല്‍ പാറ, കരിം വളാഞ്ചേരി, ഫ്രിഡാ പോള്‍, സലിം പാറക്കല്‍ എന്നിവര്‍ സംസാരിച്ചു.
എം ഡി എഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി മോഡറേറ്ററായിരുന്നു. പൃഥ്വിരാജ് നാറാത്ത് സ്വാഗതവും അബ്ദുല്‍ കാലം ആസാദ് നന്ദിയും പറഞ്ഞു.

