
മനാമ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആരോപിച്ചു കേസെടുത്ത നടപടിയില്‍ ബഹ്റൈന്‍ ഒ ഐ സി സി ശക്തമായി പ്രതിഷേധിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ പങ്കെടുത്ത യോഗം നടന്ന രാംലീല മൈതാനത്തെ വേദി ശ്രീരാമസേനയുടെ പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയ വിഷയത്തില്‍ ശ്രീരാമ സേനയെയും ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ച സാഹചര്യത്തില്‍ കേസ് എടുത്തു രാഹുല്‍ ഗാന്ധിയെ മിണ്ടാതാക്കാം എന്നാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് ബഹ്റൈന്‍ ഒ ഐ സി സി ചൂണ്ടിക്കാട്ടി.

സ്വന്തം മുത്തശ്ശിയുടെയും പിതാവിന്റെയും രക്തസാക്ഷിത്വം കണ്ട് വളര്‍ന്ന രാഹുല്‍ ഗാന്ധിയെ കേസെടുത്തു പേടിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
എണ്‍പത്തിയഞ്ച് വയസ്സുള്ള പട്ടികജാതിക്കാരനായ കോണ്‍ഗ്രസ് പ്രസിഡന്റിന് നേരെ ഇങ്ങനെയാണ് രാജ്യം ഭരിക്കുന്ന ആളുകള്‍ കാണിക്കുന്നതെങ്കില്‍ രാജ്യത്തെ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ, പിന്നോക്ക, ന്യൂനപക്ഷത്തില്‍പെട്ട ആളുകള്‍ക്ക് എങ്ങനെ ഈ രാജ്യത്ത് കഴിയുവാന്‍ സാധിക്കും എന്നും ഒ ഐ സി സി നേതാക്കള്‍ ചോദിച്ചു.
ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, പ്രദീപ് മേപ്പയൂര്‍, വൈസ്പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഒ ഐ സി സി നേതാക്കളായ സുരേഷ് പുണ്ടൂര്‍, അലക്‌സ് മഠത്തില്‍, വില്യം ജോണ്‍, സന്തോഷ് ബാബു, റഷീദ് മുയിപ്പോത്ത്, വിന്‍സെന്റ് കക്കയം, ബൈജു ചെന്നിത്തല, കുഞ്ഞുമുഹമ്മദ്, നൈസാം കാഞ്ഞിരപ്പള്ളി, കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

