

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിന് വകയിരുത്തുകയല്ല മറിച്ച് കേരളത്തെ വകവരുത്തുകയാണ് ചെയ്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് അവതരണ വേളയില്‍ കേരളം എന്ന പേരു പറയാന്‍ പോലും ധനമന്ത്രി തയ്യാറായില്ല. ടൂറിസം മേഖലയില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. കാരണം രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തിലടക്കം അനേകം പുരസ്‌കാരങ്ങള്‍ ടൂറിസം മേഖലയില്‍ കേരളം നേടിയ കാലമായിരുന്നു ഇത്. അതിനനുസരിച്ച് ടൂറിസം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.

പശ്ചാത്തല വികസന മേഖലയിലും ഇതേ സ്ഥിതിയാണ്. ദേശീയപാത വികസനത്തില്‍ ഇന്ത്യയില്‍ ഏതൊരു സംസ്ഥാനവും മാതൃകയാക്കേണ്ട ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തിയതെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഏതൊരു സംസ്ഥാനത്തിനും മാതൃകയാണ് കേരളം എന്ന് ദേശീയപാത അതോറിറ്റി പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെയും കേരളത്തോട് കടുത്ത അവഗണനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തെ ഇങ്ങനെ ശരിപ്പെടുത്തിക്കളയാനുള്ള നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് ശരിയല്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കി കൊലപ്പെടുത്താന്‍ ഉള്ള ശ്രമമാണ് ഈ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഇതിനെതിരായ പ്രതിഷേധത്തില്‍ അണിനിരക്കും.
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കുന്ന സമീപനം എത്രത്തോളം തരംതാണതാണ് എന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എത്രത്തോളം മാലിന്യം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ മനസ്സ് എന്നതാണ് ഈ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്. മനുഷ്യരുടെ മനസ്സിലും ഇത്രത്തോളം മാലിന്യമുണ്ട് എന്ന് തെളിയിക്കുകയാണ് സുരേന്ദ്രന്‍. കേരളത്തിന് അവകാശപ്പെട്ടത് പോലും നല്‍കാതിരിക്കുന്ന നിലപാട് ശരിയാണോ എന്ന് ഏതൊരു വ്യക്തിയും ചോദിക്കുന്ന ചോദ്യമാണ് താനും ഉന്നയിച്ചത്. ഈ തരത്തിലുള്ള മനസ്സുള്ളവര്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു.

