

ആലുവ: കിന്‍ഫ്ര കുടിവെള്ള പൈപ്പ് ഇടുന്ന നിര്‍മ്മാണ പ്രവര്‍ത്തി എടയപ്പുറത്ത് യു ഡി എഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. പെരിയാറില്‍ നിന്നും കൂറ്റന്‍ പൈപ്പിലൂടെ അളവറ്റ വെള്ളം കൊണ്ടുപോയാല്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടും. പുഴയുടെ താളം തെറ്റും. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

എടയപ്പുറം റോഡ് പൈപ്പ് ലൈന്‍ റോഡായി ചുരുങ്ങുകയും വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ തടസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് നാട്ടുകാര്‍ വിശദമാക്കി. പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് ആലുവക്കാര്‍ക്ക് കൂടി വെള്ളം മുടക്കും. ശാസ്ത്രീയമായോ സാങ്കേതികമായോ പഠനം നടത്താതെ നാട്ടുകാരുടെ ദുരിതം കണക്കിലെടുക്കാതെ റോഡ് സഞ്ചാരം തടസപ്പെടുത്തിയുള്ള പൈപ്പിടലിനെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.


യു ഡി എഫ് ആലുവ നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോപ്പില്‍ അബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി ജെ സുനില്‍കുമാര്‍, ജോസി പി ആന്‍ഡ്രൂസ്, ഫാസില്‍ ഹുസൈന്‍ പി എ, മെഹബൂബ്, ജിന്‍ഷാദ്, ജിന്നാസ്, ഹസീ ഖാലിദ്, കെ എസ് മുഹമ്മദ് ഷഫീഖ്, എം എ ഹാരിസ്, സിറാജ് ചേനക്കര, ജോണി ക്രിസ്റ്റഫര്‍ എം എ, ബഷീര്‍ ചെറോപ്പിളളി, കുഞ്ഞുമോന്‍, സലിം ഹിജാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

