
കൊച്ചി: കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ-ഓപറേഷന്റെ (സി സി സി) നേതൃത്വത്തില്‍ മരട് ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇഫ്താര്‍ സംഗമം നടന്നു. സി സി സി ചെയര്‍മാന്‍ ഗള്‍ഫാര്‍ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

വോട്ടു ലാഭത്തിനു വേണ്ടി മനുഷ്യരെ വിഭജിക്കാതെ സ്‌നേഹത്തിന്റെ ഭാഷയില്‍ എല്ലാവരേയും ഒന്നിപ്പിക്കണമെന്ന് ഗള്‍ഫാര്‍ പി മുഹമ്മദലി ആവശ്യപ്പെട്ടു.

മധ്യ പൗരസ്ത്യ ദേശത്ത് തീ ആളിക്കത്തുമ്പോള്‍ അസ്വസ്ഥമായ മനസ്സോടെയാണ് ലോകം അതിനെ നോക്കിക്കാണുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂന്ന് രാജ്യങ്ങളാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കിലും ലോകത്തില്‍ മുഴുവന്‍ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ആയുധങ്ങള്‍ ചെന്നു വീഴുന്നത് നിരപരാധികളുടെ ദേഹത്താണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലും സമാധാനം പുലരട്ടെയെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥിച്ചു.
മനുഷ്യനെ ഒന്നിപ്പിക്കുന്നതിന് ജാതിയും മതവും തടസ്സമാകരുതെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു.
ക്രൈസ്തവ, ഇസ്ലാം മത വിശ്വാസികള്‍ നോമ്പിലുള്ള കാലത്ത് യുദ്ധത്തിന്റെ വാര്‍ത്തകളാണ് വരുന്നതെന്ന് ഫാ. തോമസ് തറയില്‍ പറഞ്ഞു. ഒരു യുദ്ധവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ഒരു യുദ്ധവും നന്മയുമല്ലെന്നും അദ്ദേഹം പറഞ്ഞു.
നന്മയാണ് മതങ്ങളൊക്കെ അനുശാസിക്കുന്നതെന്നും അതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സത്യത്തേയും സ്‌നേഹത്തേയും ലോകത്ത് ഒന്നിനും നശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
പി മുജീബ് റഹ്മാന്‍, ഡോ. പുനലൂര്‍ സോമരാജന്‍, ഡോ. ഹുസൈന്‍ മടവൂര്‍, സ്വാമി സൂര്യശങ്കര്‍, സ്വാമി ശ്രീ ഗുരു സായ് പ്രീത്, സി എച്ച് അബ്ദുറഹീം എന്നിവര്‍ പ്രസംഗിച്ചു.
ഓണമ്പള്ളി മുഹമ്മദ് ഫൈസി റമദാന്‍ സന്ദേശം നല്‍കി. മനുഷ്യരോട് കാരുണ്യം കാണിക്കാനാണ് ദൈവം പറയുന്നതെന്നും മനുഷ്യനെ ചേര്‍ത്തുപിടിക്കുന്നതാണ് റമദാന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
സി സി സി ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ സ്വാഗതവും ഫാ. ജേക്കബ് പാലക്കാപ്പള്ളി നന്ദിയും പറഞ്ഞു.
ഗോപിനാഥ് മുതുകാട്, അബൂബക്കര്‍, പുനലൂര്‍ സോമന്‍ എന്നിവരെ ആദരിച്ചു.
വൈവിധ്യങ്ങളിലെ ഐക്യം- യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ
സംസ്ഥാനതല രണ്ടാമത് മലയാളം പ്രസംഗ മത്സരത്തിലെ ജേതാക്കള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്റ്റേഹ എസ് ഒന്നാം സ്ഥാനസ്ഥാനവും ദിയ ട്രീസ തോമസ് രണ്ടാം സ്ഥാനവും ഷറഫുന്നി സ കരോളില്‍ മൂന്നാം സ്ഥാനവും നേടി.

