
ദോഹ: നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ച്, ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും എല്ലാ തരത്തിലും വലിപ്പങ്ങളിലും സാങ്കേതികവിദ്യകളിലും ഉള്‍പ്പെടുന്ന മനുഷ്യരഹിത വ്യോമവാഹനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിക്കല്‍, പ്രവര്‍ത്തിപ്പിക്കല്‍, അല്ലെങ്കില്‍ പറത്തല്‍ എന്നിവയ്ക്ക് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണ നിരോധനം പ്രഖ്യാപിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ നിരോധനം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമല്ല, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും മറ്റു എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും ബാധകമാണ്. ഇത്തരത്തിലുള്ള വിമാനങ്ങളുടെ ഉപയോഗം, ഉപയോഗിക്കാന്‍ ശ്രമിക്കല്‍, അല്ലെങ്കില്‍ അതിന് സഹായം നല്‍കല്‍ എന്നിവ വ്യക്തമായ നിയമലംഘനമായി കണക്കാക്കപ്പെടുകയും ബാധകമായ നിയമങ്ങള്‍ പ്രകാരം നിയമപരമായ ഉത്തരവാദിത്വവും ആവശ്യമായ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വീടുകളില്‍ തന്നെ തുടരുകയും അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
