
ദോഹ: ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഖത്തറിലെ ബ്രസീല്‍ ഫുട്‌ബോള്‍ ഫാന്‍സ് കൂട്ടായ്മയുടെ കാഹളമൂതി ഒത്തുചേരല്‍. ഖത്തര്‍ മാളില്‍ നടന്ന ചടങ്ങില്‍ ബ്രസീലിന്റെ സൂപ്പര്‍താരം മാഴ്‌സലൊ ഖത്തര്‍ ബ്രസീല്‍ ഫാന്‍സിന് വേണ്ടി ലോഗോ പ്രകാശനം നടത്തിയിരുന്നു.

ദോഹ കോര്‍ണിഷിലെ കൗണ്ട് ഡൗണ്‍ ക്ലോക്കിന് സമീപം നടന്ന കൂട്ടായ്മയുടെ ആഘോഷത്തില്‍ മഞ്ഞ ജഴ്‌സിയണിഞ്ഞ് നൂറുകണക്കിന് മലയാളികളായ ബ്രസീല്‍ ആരാധകര്‍ പങ്കെടുത്തു. പൊള്ളുന്ന ചൂടിനെയും ഉഷ്ണക്കാറ്റിനേയും വകവെയ്കാതെ പങ്കെടുത്ത ആരാധകരില്‍ ഭൂരിഭാഗവും ബ്രസീല്‍, ഫാന്‍സ് അസോസിയേഷന്റെ മലയാളികളായ അംഗങ്ങളായിരുന്നു. ഖത്തറിന്റെയും ബ്രസീലിന്റേയും പതാകകള്‍ വീശിയും 2022 ലോകകപ്പിന്റെ തീംസോംഗും ബ്രസീലിന്റെ ഫുട്ബാള്‍ ഗീതവും ആലപിച്ചും ആവേശതിരയിളക്കി ആരാധകര്‍ ആഘോഷം കൊഴുപ്പിച്ചു.


പന്തുരുളുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നതിന്റെ ആവേശത്തില്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഖത്തറിന് ഐക്യദാര്‍ഡ്യവും സ്‌നേഹാദരവുകളും പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച ആഘോഷ ചടങ്ങുകള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ സല്‍മാന്‍ സ്വാഗതമാശംസിച്ചു. ജോണ്‍ഗില്‍ബര്‍ട്ട്, ശ്രീജിത്ത് എസ് നായര്‍, ഷഹീന്‍ മജീദ്, ഹബീറലി, ഷംസീര്‍, ഹാഫില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.


