

ദോഹ: സങ്കീര്‍ണമായ ബിസിനസ് പരിതസ്ഥിതികള്‍ക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള ആശ്രിതത്വത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കും പാരിസ്ഥിതിക പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ധാര്‍മ്മികവും പ്രചോദനാത്മകവും ആഗോളതലത്തില്‍ പ്രശംസനീയവുമായ നേതൃത്വം വഹിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി) സംഘടിപ്പിച്ച രത്തന്‍ ടാറ്റ അനുസ്മരണം ഉയര്‍ത്തിക്കാട്ടി.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയും ഉദ്ഘാടകനുമായിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനും രത്തന്‍ ടാറ്റയുടെ സമാനതകളില്ലാത്ത സംഭാവനകളെക്കുറിച്ച് പറഞ്ഞ അംബാസഡര്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഐ ബി പി സിയുടെ രത്തന്‍ ടാറ്റ അനുസ്മരണം ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ഉപദേഷ്ടാവ് ഹരീഷ് ഭട്ട് നിര്‍വഹിച്ചു. ലോകമെമ്പാടുമുള്ള ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ചിന്തിക്കാനും പഠിക്കാനും രത്തന്‍ ടാറ്റയില്‍ മാതൃകകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ടാറ്റ ലോഗ്’ (ദി പീപ്പിള്‍ ഓഫ് ടാറ്റ)യുടെ രചയിതാവ് കൂടിയായ ഹരീഷ് ഭട്ട് രത്തന്‍ ടാറ്റയുടെ അപാരമായ സമഗ്രതയും ആളുകളോടുള്ള കരുതലും ബിസിനസ് മിടുക്കും കാന്‍സര്‍ ഗവേഷണത്തോടുള്ള പ്രതിബദ്ധതയും വിനയവും പ്രകടമാക്കിയ നിരവധി സംഭവങ്ങള്‍ അവതരിപ്പിച്ചു.
ഐ ബി പി സി ഖത്തര്‍ പ്രസിഡന്റ് താഹ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് നാനൂറിലേറെ പേരാണ് രത്തന്‍ ടാറ്റ അനുസ്മരണ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തത്.

