

കൊച്ചി: സൂം ആപ്പ് വഴി കാര്‍ വാടകക്കെടുത്ത് മുങ്ങി വാഹനം തിരികെ കൊടുക്കാതിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. എടപ്പാടി ഭരണങ്ങാനം സ്വദേശി പാന്‍ങ്കോട്ടില്‍ വീട്ടില്‍ അമല്‍ ജെയിന്‍, ഭാര്യ കോട്ടയം മുണ്ടക്കയം സ്വദേശി പറയില്‍പുരയിടം വീട്ടില്‍ വിന്‍സിമോള്‍ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം എസിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാരുതി ബലനോ കാര്‍ സൂം ആപ്പ് വഴി വാടകക്കെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വാടകയോ കാര്‍ തിരികെ നല്‍കുകയോ ചെയ്യാതെ കാറില്‍ ഘടിപ്പിച്ചിരുന്ന ജി പി എസ് സംവിധാനം ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്.

വാടക്കെടുത്ത കാര്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയി ജി പി എസ് സംവിധാനം കട്ട് ചെയ്ത് വാഹനം മറിച്ച് വില്‍ക്കുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ശരത്ത് സി, സി അനില്‍കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്, സി പി ഒമാരായ നിഖില്‍, സിന്ധു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ കണ്ടെത്തുന്നതിനും മറ്റ് പ്രതിക്കായും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

