

കോഴിക്കോട്: സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പങ്കെടുത്ത ചടങ്ങില്‍ സി പി ഐ സാംസ്‌കാരിക സംഘടനയായ യുവകലാ സാഹിതി കെ റയിലിനെതിരെ പ്രമേയം പാസാക്കി. കോഴിക്കോട് നടന്ന യുവകലാസാഹിതി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനാണ് പരസ്യ പ്രമേയം പാസാക്കിയത്.

പാരിസ്ഥിതിക സന്തുലനം തകിടം മറിച്ചും ഭീമമായ കടബാധ്യത വരുത്തിവെച്ചും അതിവേഗ റെയില്‍പാത നിര്‍മിക്കുന്നതിനു പകരം ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നാണ് യുവകലാസാഹിതി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
നിലവിലുള്ള റെയില്‍പ്പാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. മലയോര ഹൈവേ ഉടന്‍ പൂര്‍ത്തിയാക്കാനും ദേശീയ പാതാ വികസനം വേഗത്തിലാക്കാനും കേരള സര്‍ക്കാരും മുന്‍കയ്യെടുക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കെ- റെയിലിന്റെ പേരില്‍ പരിസ്ഥിതിയെ തകര്‍ക്കരുതെന്നും അതിവേഗ പാത പ്രകൃതിക്കുമേലുള്ള കടന്നുകയറ്റമാണെന്നും ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കവി പി കെ ഗോപി പറഞ്ഞു. വികസനം എന്നാല്‍ കടം പേറലാണെന്ന് ആരാണ് ഭരണകൂടത്തെ പഠിപ്പിച്ചത്. മലകള്‍ ഇടിച്ചും പാറകള്‍ തകര്‍ത്തും കോടികള്‍ പൊടിച്ചു കൊണ്ട് ഉണ്ടാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെക്കൊണ്ടുള്ള നേട്ടം ആര്‍ക്കാണ്. നിലവിലുള്ള റെയില്‍വേ ലൈന്‍ പരിഷ്‌ക്കരിച്ചുകൊണ്ട് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നിരിക്കെ എന്തിന് വേണ്ടിയാണ് പ്രകൃതിക്കുമേലുള്ള ഈ കടന്നുകയറ്റമെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ മനുഷ്യരുടെയും ജീവിതം സുരക്ഷിതമാക്കുന്നതാണ് വികസനമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ പറഞ്ഞു. ശരിയായ നിലപാടെടുക്കുന്നവര്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെങ്കിലും മനുഷ്യസമൂഹം പിന്നീട് ആ നിലപാട് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് ഡോ. ശരത് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ടി കെ രാമകൃഷണന്‍, വി എം അജിത, ഡോ. ഒ കെ മുരളീകൃഷ്ണന്‍, സി എം കേശവന്‍, ഡോ. ശശികുമാര്‍ പുറമേരി, സി പി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ. വി എന്‍ സന്തോഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം എ ബഷീര്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം നേടിയ വിവര്‍ത്തകന്‍ എ പി കുഞ്ഞാമു, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ചേളന്നൂര്‍ പ്രേമന്‍ എന്നിവര്‍ക്ക് ടി വി ബാലന്‍ പുരസ്‌കാരങ്ങള്‍ നല്‍കി. കെ വി സത്യന്‍ സ്വാഗതവും കെ പി രമേശന്‍ നന്ദിയും പറഞ്ഞു.

