

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകന് ബി ജെ പി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം. ദേശാഭിമാനിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കല്ലിയൂര്‍ വെള്ളായണി സ്വദേശി ഷിജിനാണ് ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെയും വാര്‍ഡ് അംഗത്തിന്റേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

ജനുവരി 10ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷിജിന്‍. വവ്വാമൂല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ഷിജിന് തെന്നൂര്‍ പ്രതിഭ ഗ്രന്ഥശാലയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചാണ് സ്വീകരണം നല്‍കിയത്. ആഘോഷത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലടക്കം ബി ജെ പി പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ബി ജെ പി വാര്‍ഡ് അംഗങ്ങളായ ആതിര, യുവമോര്‍ച്ച കോവളം മണ്ഡലം സെക്രട്ടറി കെ എസ് വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് ജെ വി പ്രശാന്ത്, ആര്‍ എസ് എസ് മുഖ്യശിക്ഷക് അഭിലാഷ് എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്. കേസില്‍ ഒളിവിലെന്ന് പൊലീസ് പറയുന്ന രണ്ടാം പ്രതിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

