മത്സ്യലഭ്യതയുടെ വിവരശേഖരണം: ആന്‍ഡമാനിന് സി എം എഫ് ആര്‍ ഐയുടെ സാങ്കേതിക സഹായം

Web Desk
2 Min Read

കൊച്ചി: സമുദ്രമത്സ്യലഭ്യതയുടെ വിവരശേഖരണത്തിന് ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക സഹായം. മത്സ്യലഭ്യതയുടെ കണക്കെടുക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സി എം എഫ് ആര്‍ ഐ വികസിപ്പിച്ച സോഫ്റ്റ്വെയര്‍ അധിഷ്ടിത സാംപ്ലിംഗ് രീതി ഉപയോഗിച്ചുള്ള വിവരശേഖരണത്തിന് ദ്വീപ് ഭരണകൂടം തുടക്കമിട്ടു. ഇലക്‌ട്രോണിക് ടാബ്ലെറ്റുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈനായാണ് വിവരശേഖരണം.

city exchange

ദ്വീപ് ഭരണകൂടവുമായി ധാരണാപത്രം ഒപ്പുവെച്ചതിനെ തുടര്‍ന്ന് സി എം എഫ് ആര്‍ ഐയുടെ പരിശീലനം ലഭിച്ച ശേഷമാണ് ദ്വീപിലെ ഫിഷറീസ് വകുപ്പ് ഓണ്‍ലൈന്‍ വിവരശേഖരണത്തിന് തുടക്കമിട്ടത്. മത്സ്യലഭ്യതയുടെ തുടര്‍വിശകലനങ്ങളോടു കൂടിയ വിവരശേഖരണം ആദ്യമായാണ് ആന്‍ഡമാന്‍ ദ്വീപുകളില്‍ നടപ്പിലാക്കുന്നത്. ദ്വീപിലെ സമുദ്രമത്സ്യ പരിപാലനത്തിനും മറ്റ് നയരൂപീകരണങ്ങള്‍ക്കും ഇത് മുതല്‍ക്കൂട്ടാകും.

പദ്ധതി ആന്‍ഡമാന്‍ നിക്കോബാര്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ജി സുധാകര്‍ ഉദ്ഘാടനം ചെയ്തു. ദ്വീപുകളിലെ മത്സ്യമേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് സി എം എഫ് ആര്‍ ഐയുടെ സഹകരണത്തോടെയുള്ള വിവരശേഖരമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപുകളുടെ പുരോഗതിക്കായി ആഴക്കടല്‍ മത്സ്യബന്ധനം, കടലിലെ കൂടുമത്സ്യകൃഷി, കടല്‍പായല്‍ കൃഷി എന്നിവയുടെ വികസനത്തിന് സി എം എഫ് ആര്‍ ഐയുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ലോകഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (എഫ് എ ഒ) അംഗീകാരമുള്ളതാണ് സി എം എഫ് ആര്‍ ഐയുടെ സാംപ്ലിംഗ് രീതി. ഇന്ത്യയുടെ എല്ലാ ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും സി എം എഫ് ആര്‍ ഐ കണക്കെടുപ്പ് നടത്തുന്നുണ്ട്. സി എം എഫ് ആര്‍ ഐ ശേഖരിക്കുന്ന ഡേറ്റ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനും സി എം എഫ് ആര്‍ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനങ്ങളുമായും കൈമാറുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി സി എം എഫ് ആര്‍ ഐ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമുദ്ര അലങ്കാരമത്സ്യ വിപണി, കടല്‍പായല്‍, കൂടുകൃഷി എന്നിവയ്ക്ക് വളരെയേറെ സാധ്യതകളുള്ളതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ഫിഷറീസ് ഡയറക്ടര്‍ ഹര്‍മീന്ദര്‍ സിംഗ്, ജോയിന്റ് ഡയറക്ടര്‍ ഡോ. കെ ഗോപാല്‍, സി എം എഫ് ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജെ ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!