യുദ്ധമുറകള്‍ വലിയ തോതില്‍ മാറാനിരിക്കുന്നെന്ന് പ്രതിരോധ ചര്‍ച്ച

Web Desk
2 Min Read

കൊച്ചി: ഭാവിയിലെ യുദ്ധമുറകള്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാവുമെന്ന് പ്രതിരോധ വിദഗ്ധര്‍. ഡ്രോണുകള്‍, സ്വയംപര്യാപ്ത സംവിധാനങ്ങള്‍, ബഹിരാകാശ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ എന്നിവയുടെ ദ്രുതഗതിയിലുള്ള വികാസം ഭാവിയിലെ യുദ്ധമുറകളെ സാരമായി പരിവര്‍ത്തിപ്പിക്കുമെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്തില്‍ സംഘടിപ്പിച്ച പ്രതിരോധ ചര്‍ച്ച അഭിപ്രായപ്പെട്ടു. കേവലം നിര്‍മ്മാണത്തിനപ്പുറം നിര്‍ണായക സാങ്കേതികവിദ്യകള്‍ സ്വന്തമായി വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ മാറേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

city exchange

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് കണ്ട ഡ്രോണ്‍ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമായിരുന്നുവെന്നും ഭാവിയില്‍ ഈ ഭീഷണി പത്തിരട്ടിയായി വര്‍ധിച്ചേക്കാമെന്നും ബെംഗളൂരു ന്യൂസ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്നോളജീസിന്റെ’ സി ഇ ഒ സമീര്‍ ജോഷി പറഞ്ഞു. ചെലവേറിയ, ചുരുക്കം ചില സംവിധാനങ്ങള്‍ എന്നതില്‍നിന്ന് വില കുറഞ്ഞ വന്‍തോതില്‍ വിന്യസിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് പ്രതിരോധ സാങ്കേതികവിദ്യകള്‍ മാറുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം അതിര്‍ത്തി കടന്നെത്തിയ വന്‍തോതിലുള്ള ഡ്രോണുകളും അവയെ പ്രതിരോധിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നതുമാണ്. ഇത് ഇനിയും പത്തിരട്ടിയായി വര്‍ധിക്കാം. ശത്രുക്കള്‍ കൂടുതല്‍ മിടുക്കരാകുകയും അവരുടെ സാങ്കേതികവിദ്യകള്‍ വളരെ വിപുലമാകുകയും ചെയ്യുകയാണ്- ജോഷി പറഞ്ഞു.

പൈലറ്റില്ലാ പോര്‍വിമാനങ്ങളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ വേഗത്തില്‍ നീങ്ങുകയും ശരിയായ സമീപനം സ്വീകരിക്കുകയും ചെയ്താല്‍ മാറിക്കൊണ്ടിരിക്കുന്ന യുദ്ധമുറകളോട് പ്രതികരിക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് ജോഷി പറഞ്ഞു.

യു എ വികളും സ്വയം നിയന്ത്രിത അണ്ടര്‍വാട്ടര്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ള പൈലറ്റില്ലാ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തെക്കുറിച്ച് ഡി ആര്‍ ഡി ഒയുടെ നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രാഫിക് ലബോറട്ടറിയിലെ ഡിസ്റ്റിംഗ്വിഷ്ഡ് സയന്റിസ്റ്റും ഡയറക്ടറുമായ ഡി ശേഷാഗിരി എടുത്തുപറഞ്ഞു. യു എ വികളില്‍ ഏഴാം തലമുറയിലെ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അവയുണ്ടാക്കുന്ന ശബ്ദം ഇനിയും കുറയും. ഡ്രോണ്‍ കണ്ടെത്തലും പ്രതിരോധവും നിര്‍ണായക പങ്ക് വഹിക്കും- അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

നിലവിലെ ഡ്രോണ്‍ കണ്ടെത്തല്‍ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ചും അത് തിരിച്ചടിക്കാനുള്ള സമയത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ശേഷാഗിരി വിശദീകരിച്ചു.

‘നമ്മള്‍ ആദ്യം കരയെക്കുറിച്ചാണ് സംസാരിച്ചിരുന്നത്, ഇപ്പോള്‍ യു എ വിയെക്കുറിച്ച് സംസാരിക്കുന്നു, ഇനി അത് ബഹിരാകാശത്തേക്ക് നീങ്ങുകയാണ്. ഭാവിയിലെ യുദ്ധങ്ങളില്‍ മിക്ക നിയന്ത്രണങ്ങളും ബഹിരാകാശ മേഖലയില്‍ നിന്നായിരിക്കും’- ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്സ് ലിമിറ്റഡ് സി ടി ഒയും സീനിയര്‍ വൈസ് പ്രസിഡന്റുമായ വി കെ ആനന്ദന്‍ പറഞ്ഞു. അടുത്ത 5- 10 വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സമ്പദ് വ്യവസ്ഥ ഗണ്യമായി വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വദേശി ബൗദ്ധിക സ്വത്ത്, നിര്‍ണായക സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ എന്നതില്‍ നിന്ന് ‘ഇന്‍വെന്റ് ഇന്‍ ഇന്ത്യ’ ‘ഓണ്‍ ഇന്‍ ഇന്ത്യ’ ഇന്ത്യയുടേതാക്കുക എന്നിവയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച അടിവരയിട്ടു.

Share This Article
Leave a Comment
error: Content is protected !!