ഡല്‍ഹി കലാപം; പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ജഡ്ജിക്ക് സ്ഥലംമാറ്റം

Web Desk
1 Min Read

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ പൊലീസ് കാണിച്ച അനാസ്ഥ ചൂണ്ടിക്കാട്ടിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിന് സ്ഥലംമാറ്റം.

city exchange

കലാപ കേസുകള്‍ പരിഗണിച്ചിരുന്ന കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ന്യൂഡല്‍ഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായാണ് പുതിയ നിയമനം. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് പിന്നാലെ അടുത്ത ദിവസമാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായത്.

2020ലെ ഡല്‍ഹി കലാപക്കേസില്‍ പൊലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് കുറ്റപ്പെടുത്തിയിരുന്നു. സാക്ഷികളില്‍ ഒരാളായ പൊലീസുകാരന്‍ പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പൊലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് പറഞ്ഞിരുന്നു. മൊഴികളില്‍ വൈരുധ്യമുണ്ടെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു.

- Advertisement -
Ad image

ജഡ്ജി വിനോദ് യാദവ് നേരത്തെയും പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതാണ് കേസെന്നും കോടതിയെ കബളിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ കുറ്റാരോപിതര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വതന്ത്ര ദൃക്സാക്ഷികളില്ലെന്നും ഗൂഢാലോചനക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്താന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും വിനോദ് യാദവ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

2020 ഫെബ്രുവരിയിലാണ് വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം നടന്നത്.

Share This Article
Leave a Comment
error: Content is protected !!