

ദോഹ: ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോണില്‍ സംഭാഷണം നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്ത ഭരണാധികാരികള്‍ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

ഇറാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുകയും അമീര്‍ അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാത്തരം പിരിമുറുക്കങ്ങളും ലഘൂകരിക്കേണ്ടതിന്റെയും മേഖലയില്‍ സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന നയതന്ത്ര പരിഹാരങ്ങളില്‍ എത്തിച്ചേരേണ്ടതിന്റെയും ആവശ്യകത അമീര്‍ ഊന്നിപ്പറഞ്ഞു.

