

ന്യൂഡല്‍ഹി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ദേശീയ പാതകളുടെ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബെന്നി ബഹനാന്‍ എം പി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടു. ദേശീയ പാതയില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ പാലങ്ങള്‍ക്ക് സമാന്തരമായി രണ്ട് സമാന്തര പാലങ്ങള്‍ പുതിയതായി നിര്‍മ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്ന് എം പി മന്ത്രിയോടാവശ്യപ്പെട്ടു.

കൊച്ചി- തേനി ഗ്രീന്‍ ഫീല്‍ഡ് ബെപാസിനും അങ്കമാലി- കുണ്ടന്നൂര്‍ ഗ്രീന്‍ ഫീല്‍ഡ് ബൈപാസിനും തൃപ്പൂണിത്തുറ ബൈപാസിനും വേണ്ടി മൂന്നു പതിറ്റാണ്ട് മുന്‍പ് ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി പുതിയ ഗ്രീന്‍ ഫീല്‍ഡ് ബൈപാസ്സിലേക്ക് തൃപ്പൂണിത്തുറയ്ക്ക് സമീപം ഒരു സമാന്തര ബൈപാസ് നിര്‍മ്മിക്കണമെന്നും ദേശീയ പാത 66ല്‍ കയ്പ്പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക ജംഗ്ഷനില്‍ നിന്നും മൂന്നു പീടിക ബീച്ച് റോഡിലേക്ക് അടിപ്പാതനിര്‍മ്മിക്കണമെന്നും എം പി മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ റോഡ് ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി അല്ലപ്ര വളയന്‍ചിറങ്ങര, പെരുമാനി, അറക്കപ്പടി, ഊട്ടിമറ്റം, ശാലേം, പോഞ്ഞാശ്ശേരി റോഡ്, കിഴക്കമ്പലം, അപ്പച്ചന്‍കവല, പഴംതോട്ടം, വടവുകോട്, പുത്തന്‍കുരിശ്, ചോറ്റാനിക്കര റോഡ്, കരിയാട്, നായത്തോട് തുറവുങ്കര, ഹെര്‍ബീറ്റ് റോഡ്, അന്നമനട, പൂവത്തുശ്ശേരി, നടവരമ്പ്, എരവത്തൂര്‍, കൊച്ചുകടവ്, കുണ്ടൂര്‍, കുഴൂര്‍ റോഡ്, കൊടകര, കനകമല, പേരാമ്പ്ര റോഡ്, കുറുപ്പംപടി, വേങ്ങൂര്‍, പണിയേലി പോര് റോഡ്, കാലടി ആനപ്പാറ പൂതംകുറ്റി, വേങ്ങൂര്‍, നായത്തോട് റോഡ് എന്നീ റോഡുകള്‍ വികസിപ്പിക്കണമെന്നും എം പി ആവശ്യപെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ റോഡ് ഫണ്ട് സ്‌കീമിലെ സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലക്കുടി ആനമല റോഡിലെ ആനക്കയം പാലം, പൊയ്യ, മാഞ്ഞാലിക്കാട് റോഡിലെ എലിച്ചിറ പാലം, കീഴില്ലം കുറിച്ചിലക്കോട് റോഡിലെ അകനാട് പാലം, പ്രളയക്കാട്, കോടനാട് റോഡിലെ മുടക്കുഴപ്പാലം, എം സി റോഡിലെ തൈക്കരച്ചിറ ഡബിള്‍ പാലം എന്നിവ പുനര്‍നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടതായും സമര്‍പ്പിച്ച വിവിധ വികസന പദ്ധതികള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കി നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ബെന്നി ബഹനാന്‍ എം പി പറഞ്ഞു.

