ലൈഫ് ഭവന പദ്ധതിക്ക് വര്‍ഷങ്ങളായി കാത്തിരിക്കുമ്പോള്‍ പുറമ്പോക്ക് ഭൂമി ഫ്‌ളാറ്റിന് കൊടുക്കുന്നതിനെതിരെ കൗണ്‍സിലര്‍മാര്‍

Web Desk
2 Min Read

ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തില്‍ ഭൂമി യില്ലാത്ത 600 അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോള്‍ തായിക്കാട്ടുകരയില്‍ ദേശായി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയോട് ചേര്‍ന്ന് ഒരേക്കറില്‍ കൂടുതല്‍ പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അത് മറച്ചു വെച്ച് ദേശായി ഗ്രൂപ്പ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനു ഒരുങ്ങുന്നതായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, മെമ്പര്‍മാരായ കെ കെ ശിവാനന്ദന്‍, രാജേഷ് പുത്തനങ്ങാടി, പി എസ് യൂസഫ് എന്നിവര്‍ ആരോപിച്ചു.

city exchange

നേരത്തെ പഞ്ചായത്തില്‍ അപ്പാര്‍ട്ട്‌മെന്റ് പണിയുന്നതിനായി ഈ സ്ഥലത്തു ദേശായി ഗ്രൂപ്പ് പഞ്ചായത്തില്‍ അപേക്ഷ വെച്ചിരുന്നു. എന്നാല്‍ കമ്മിറ്റിയില്‍ അപേക്ഷ വന്നപ്പോള്‍ മെമ്പര്‍മാര്‍ പുറംമ്പോക്ക് ഭൂമി അളക്കണമെന്നും ഭൂമി തിരിച്ചു പിടിച്ചു പഞ്ചായത്തിലെ ലൈഫ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് വീട് വെക്കാന്‍ നല്‍കണമെന്നും ആവശ്യപ്പെടുകയും തുടര്‍ന്ന് പുറംമ്പോക്ക് ഭൂമി ഉണ്ടെങ്കില്‍ അതു കണ്ടെത്തിയിട്ടു നിര്‍മ്മാണത്തിനു അനുമതി നല്‍കിയാല്‍ മതിയെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തുടര്‍ന്ന് ആലുവ താലൂക്ക് തഹസില്‍ദാര്‍ക്ക് ഭൂമി അളക്കണമെന്നു പറഞ്ഞു പഞ്ചായത്ത് കത്തു നല്‍കുകയും ചെയ്തു.

എന്നാല്‍ പഞ്ചായത്തിനെയോ ചൂര്‍ണ്ണിക്കര വില്ലേജിനെയോ അറിയിക്കാതെ താലൂക്കില്‍ നിന്നും വന്നു അളക്കുക്കയും 44 സെന്റ് പുറമ്പോക്ക് ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയ 44 സെന്റ് പുറമ്പോക്ക് ഭൂമിക്ക് പുറമെ ദേശായി ഗ്രൂപ്പിന്റെ സ്ഥലം ഉള്‍പ്പെടുന്ന 176/1, 176/3, 177/2 റീസര്‍വ്വേ നമ്പറുകളിലെ സ്ഥലത്ത് 34.50 ആര്‍ പുറമ്പോക്ക് ഭൂമി കൂടി ഉള്ളതായി വിവരാവകാശം വഴി ലഭിച്ച റവന്യു രേഖകളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞതായി ജനപ്രതിനിധികള്‍ പറഞ്ഞു.

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഈ സ്ഥലത്ത് ഉള്ളതായും ഭൂമി അളന്നു ലൈഫ് ഭവന പദ്ധതിക്ക് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് കമ്മിറ്റിയെ പോലും അറിയിക്കുവാന്‍ തയ്യാറാകാതെ താലൂക്കില്‍ നിന്നും ഉദ്യോഗസ്ഥര്‍ അളന്നതില്‍ ദുരൂഹതയുണ്ടെന്നും 44 സെന്റ് സ്ഥലം അല്ല ദേശായി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പതിനാറാം വാര്‍ഡില്‍ കമ്പനിപ്പടിയിയിലെ സ്റ്റാന്‍ഡേര്‍ഡ് പോട്ടറീസ് ഹൈസ്‌കൂളിനു സമീപമുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമിയിലെ ഏകദേശം ഒരേക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ പാവപ്പെട്ട നൂറു കണക്കിന് പേര്‍ക്കു ലൈഫ് ഭവന പദ്ധതി വഴി വീടുവെച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതു വരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്തുത സ്ഥലത്തു അനുമതി നല്‍കരുതെന്നും കോടികള്‍ വിലമതിക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമി തട്ടിയെടുക്കുന്ന ഫ്‌ളാറ്റ് മാഫിയക്ക് ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കുമെന്നും ജനപ്രതിനിധികളായ മുഹമ്മദ് ഷെഫീക്കും കെ കെ ശിവാനന്ദനും രാജേഷ് പുത്തനങ്ങാടിയും പി എസ് യൂസഫും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!