

കൊച്ചി: ആത്മകഥകള്‍ ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രവും അടയാളങ്ങളുമാണെന്ന് പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. ജനപ്രിയ ഭിഷഗ്വരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. കെ കെ ഉസ്മാന്റെ ആത്മകഥ ‘എന്റെ കഥ അവരുടെയും’ പ്രകാശനം എറണാകുളം അബാദ് പ്ലാസയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്തരായ സാഹിത്യകാരന്മാര്‍ ആത്മകഥ എഴുതാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ എഴുത്തുകാരല്ലാത്തവരുടെ ആത്മകഥകള്‍ സമൂഹം ഏറ്റെടുത്തിട്ടുണ്ട്. തസ്‌കര ജീവിതവും പൊക്കുടന്റെ ആത്മകഥയും നളിനി ജമീലയുടെ പുസ്തകവുമെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എഴുതപ്പെടുന്ന അക്ഷരങ്ങള്‍ പലരെയും ദുഃഖിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാലാണ് പല പ്രമുഖരും ജീവിച്ചിരിക്കുമ്പോള്‍ ആത്മകഥ പ്രസിദ്ധീകരിക്കാത്തതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

പല പ്രമുഖരും പ്രത്യേകിച്ച് മുസ്‌ലിം നേതാക്കള്‍ ആത്മകഥ എഴുതിയിരുന്നെങ്കില്‍ ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ മത സാമുദായിക ഊഷ്മളത നിലനില്‍ക്കുമായിരുന്നെന്നും തെറ്റിദ്ധാരണകള്‍ ഒഴിവാകുമായിരുന്നെന്നും പുസ്തകം പരിചയപ്പെടുത്തി മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ എം എല്‍ എ പറഞ്ഞു.
സുഭാഷ് ചന്ദ്രന്‍ സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ സി ഗോവിന്ദിന് കോപ്പി കൈമാറി പുസ്തകം പ്രകാശനം ചെയ്തു. ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു. സി എച്ച് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.
ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, സി എം മൗലവി, മേജര്‍ രാമചന്ദ്രന്‍കുട്ടി, പ്രൊഫ. അഷറഫ് കടയ്ക്കല്‍, ഗോപി നെടുങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. കെ കെ ഉസ്മാന്‍ പുസ്തക പുരയില്‍ നിന്ന് അവതരിപ്പിച്ചു. ഇസ്മിറ ഉസ്മാന്‍ സ്വാഗതവും ഡോ. ജമീല പി പി നന്ദിയും പറഞ്ഞു.

