

ആലുവ: രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചു കയറിയ അന്യസംസ്ഥാന തൊഴിലാളിയുടെ തലക്കടിച്ച് മൂന്നരമാസമായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ബി എസ് എന്‍ എല്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ആലുവ ചൊവ്വര തൂമ്പാക്കടവ് തൂമ്പാല ബദറുദ്ദീന്‍ (78) മരിച്ചു. ഓഗസ്റ്റ് ഏഴിന് രാത്രി വീട്ടിനകത്ത് ഉറങ്ങവേ അതിക്രമിച്ച് കയറിയ ചത്തീസ്ഗഡ് സ്വദേശിയായ യുവാവ് യാതൊരു കാരണവുമില്ലാതെ വലിയ വിറക് തടികൊണ്ട് തലക്കടിക്കുകയായിരുന്നു.

തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലായ ബദ്‌റുദ്ദീന്‍ അമൃത ആശുപത്രിയില്‍ പലതവണ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ബോധം തിരിച്ച് കിട്ടിയില്ല. മുഴുവന്‍ സമയം ഓക്‌സിജന്‍ പിന്തുണയിലാണ് പിന്നീട് തുടര്‍ന്നത്.

മിലിട്ടറി സേവനത്തിന് ശേഷമാണ് ബദറുദ്ദീന്‍ ബി എസ് എന്‍ എല്ലില്‍ ഉദ്യോഗസ്ഥനായത്.
തൂമ്പാക്കടവ് പരേതരായ മുഹമ്മദ് മുസ്‌ല്യാരുടേയും മുവാറ്റുപുഴ പട്ടലായില്‍ മറിയുമ്മയുടെയും മകനാണ് ബദറുട്ടീന്‍.
ഭാര്യ: മുവാറ്റുപുഴ പട്ടലായില്‍ സുഹറാബീവി.
മക്കള്‍: മുഹമ്മദ് ഷരീഫ് (കെ എസ് ആര്‍ ടി സി, അങ്കമാലി), ജാഫര്‍ സലീം (വോള്‍ട്ടന്‍ ഇലക്ട്രോണിക്‌സ്), സലാഹുദ്ദീന്‍ (മാക്‌സിം മോട്ടോഴ്‌സ്, കരിങ്ങാചിറ). മരുമക്കള്‍: റസിയ, റുബീന, അജില.
കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോട്ടത്തിന് ശേഷം ചൊവ്വര തൂമ്പാക്കടവ് മഹല്ല് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച വൈകിട്ട് ഖബറടക്കും.
സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലായ പ്രതി മനോജ് സോഹു (29) റിമാന്റിലായിരുന്നു. മയക്കുമരുന്നിനടിമയായിരുന്നു പ്രതിയെന്നാണ് പൊലീസ് പറയുന്നത്.
തന്റേതല്ലാത്ത കാരണം കൊണ്ട് തലക്കടിയേറ്റ് മൃതപ്രായനായി സ്വകാര്യ ആശുപത്രിയില്‍ അന്ന് മുതല്‍ ചികിത്സയില്‍ കഴിയേണ്ടി വന്ന ബദറുദ്ദീന് സര്‍ക്കാരില്‍ നിന്നോ മറ്റ് ഏതെങ്കിലും ഏജന്‍സിയില്‍ നിന്നോ നാളിതു വരെ ഒരു സഹായവും ലഭിച്ചില്ല. ദശലക്ഷങ്ങള്‍ ചില വഴിക്കേണ്ടി വന്ന കുടുംബത്തിന് താങ്ങാവുന്നതിലേറെയായിരു ഇത്. അധികം ആരെയും ഇക്കാര്യം അറിയിച്ചതുമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറരുതെന്നും മറുനാടന്‍ തൊഴിലാളിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ബദറുദ്ദീന്റെ ചികിത്സാ ചിലവ് ഉള്‍പ്പെടെ സഹായം കൂടുംബത്തിന് ലഭ്യമാക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

