
ദോഹ: ഇന്ത്യ പോസ്റ്റിന്റെയും യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്റെയും (യു പി യു) സഹകരണത്തോടെ ഖത്തര്‍ പോസ്റ്റ് ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നതിനുള്ള പുതിയ റെമിറ്റന്‍സ് സേവനം ആരംഭിച്ചു. ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.

ഖത്തറിലുള്ള ഉപഭോക്താക്കള്‍ക്ക് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു പി ഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ്ട്രാന്‍സ്ഫര്‍ സേവനം വഴി ഇന്ത്യയിലെ ഗുണഭോക്താക്കള്‍ക്ക് പണം അയക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. എളുപ്പത്തിലും വിശ്വാസ്യതയോടെയും പണം കൈമാറുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലഭ്യമായ പണമിടപാട് മാര്‍ഗങ്ങള്‍ വിപുലീകരിക്കാനും ഇന്ത്യയിലെ കുടുംബങ്ങളിലേക്ക് പണം അയക്കുന്ന നടപടിക്രമം എളുപ്പമാക്കാനും പുതിയ സേവനം സഹായിക്കും. തപാല്‍ സേവനങ്ങളെയും ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളെയും കൂടുതല്‍ സംയോജിപ്പിക്കുന്നതിനും ഇത് സഹായകമാകും.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവന സംവിധാനം വികസിപ്പിക്കുകയും സാമ്പത്തിക സേവനങ്ങളുടെ പരിധി വിപുലീകരിക്കുകയും ചെയ്യുന്നതിനുള്ള ഖത്തര്‍ പോസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്. തപാല്‍, സാമ്പത്തിക സേവന മേഖലകളില്‍ അതിവേഗം നടക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ നവീകരിക്കുന്നതിനും ഖത്തര്‍ പോസ്റ്റ് പ്രാധാന്യം നല്‍കുന്നുണ്ട്.
ഇന്ത്യ പോസ്റ്റുമായും യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയനുമായുമുള്ള സഹകരണം തപാല്‍, സാമ്പത്തിക സേവനങ്ങള്‍ വികസിപ്പിക്കുന്നതിലും അവയുടെ പരിധി വിപുലീകരിക്കുന്നതിലും അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും ഖത്തര്‍ പോസ്റ്റ് അറിയിച്ചു.
ആഗോള തലത്തിലുള്ള വിദഗ്ധ പരിജ്ഞാനവും തപാല്‍ ശൃംഖലകളും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് പ്രായോഗികവും വിശ്വാസ്യതയുള്ളതുമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഖത്തര്‍ പോസ്റ്റിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് പണം അയക്കുന്നത് എളുപ്പമാക്കുന്നതിനും പുതിയ സേവനം സഹായിക്കുമെന്നും ഖത്തര്‍ പോസ്റ്റ് വ്യക്തമാക്കി.

