

കൊച്ചി: കോളേജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതിമാരക ന്യൂജന്‍ മയക്ക് മരുന്നായ ‘പാരഡൈസ്-650’ എന്നറിയപ്പെടുന്ന ഉന്മാദ രാസലഹരി മരുന്നാണ് പിടിച്ചടുത്തത്.

കളമശ്ശേരി കുസാറ്റ് എഞ്ചിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥി തിരുവനന്തപുരം വര്‍ക്കല സ്വദേശി കോട്ടവച്ചവിള വീട്ടില്‍ ജഗത് റാം ജോയി (22) യെയാണ് ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍ നോട്ടത്തിലുള്ള എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസ് കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് നടത്തിയ രഹസ്യ നീക്കത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിയായ പാരഡൈസ് 650 എന്ന അത്യന്തം വിനാശകാരിയ എല്‍ എസ് ഡി സ്റ്റാമ്പ് പിടിച്ചെടുത്തത്.

കൊച്ചിയിലെ കോളേജ് ക്യാംപസുകളിലെ ഡ്രഗ് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടു കൂടി രൂപപ്പെടുത്തിയിട്ടുള്ള ദക്ഷിണ മേഖല എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഒരു സ്റ്റാമ്പില്‍ 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള 20 എണ്ണം ത്രീ ഡോട്ടഡ് എല്‍ എസ് ഡി സ്റ്റാമ്പാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇത്തരത്തിലുള്ള ഒരു എല്‍ എസ് ഡി സ്റ്റാമ്പിന് വിപണിയില്‍ 4000 മുതല്‍ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.
ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശിയായ സുഹൃത്ത് വഴി ചെന്നൈയില്‍ നിന്ന് കൊറിയര്‍ മുഖേന 75 സ്റ്റാമ്പ് വരുത്തിയതാണെന്നും അവ സുഹൃത്തുക്കള്‍ക്ക് നല്‍കി വരുകയായിരുന്നെന്നും കുറച്ച് ഇയാള്‍ തന്നെ ഉപയോഗിക്കുകയും ചെയ്തതായും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
നിശാ പാര്‍ട്ടികള്‍ക്ക് ഉന്‍മാദലഹരി പകരുവാന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് പാരഡൈസ്-650. ഏറ്റവും വീര്യമുള്ള ത്രീ ഡോട്ടഡ് സ്റ്റാമ്പാണിത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് ഇതിന്റെ വീര്യത്തെ സൂചിപ്പിക്കുന്നത്. 650 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണിത്. നേരിട്ട് നാക്കില്‍ വച്ച് ഉപയോഗിക്കുവാന്‍ കഴിയുന്ന ഇവ ഒരെണ്ണം 48 മണിക്കൂര്‍ വരെ ഉന്‍മാദ അവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇന്നത്തില്‍പ്പെട്ടതാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്‍പം കൂടിയാല്‍ തന്നെ ഉപയോക്താവ് മരണപ്പെടാന്‍ സാധ്യതയുള്ള അത്ര മാരകമായ ഒന്നാണിത്.
ന്യൂജന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം എല്‍ എസ് ഡി മുതല്‍ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗ് ആണെന്നും കഞ്ചാവ് പോലുള്ള കണ്‍ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാന്റ് കുറവാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. 0.1 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് 0.368 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പാണ്. 100 കിലോ കഞ്ചാവ് പിടിച്ചെടുക്കുന്നതുപോലെയുള്ള അതീവ ഗൗരവമുള്ള കുറ്റകൃത്യമാണിത്.
അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച് വരുന്ന ടെലിഗ്രാം മെസെഞ്ചര്‍ അപ്പ് ആണ് ഇയാള്‍ അടക്കമുള്ളവര്‍ ലഹരി കൈമാറ്റത്തിന് ഉപയോഗിച്ച് വരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണെന്ന് എക്‌സൈസ് അറിയിച്ചു.
പിടിക്കപ്പെട്ടതിന് ശേഷവും നിരവധി യുവതി- യുവാക്കളാണ് മയക്ക് മരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേയ്ക്ക് വിളിച്ച് കൊണ്ടിരുന്നത്. ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി- യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും ആവശ്വമെങ്കില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദക്ഷിണ മേഖല കമ്മീഷണര്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കെ എന്‍ സുരേഷ് കുമാര്‍, എം അസീസ്, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

