

കൊച്ചി: ഇന്നൊവേഷനുകളാണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പുതിയ തലം നല്‍കുന്നതെന്ന് ഡീപ് ബ്ലു റിസര്‍ച്ച് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് തോമസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ ഇന്‍സൈറ്റില്‍ എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ പരിഷ്‌ക്കരണം ആവശ്യമോ എന്ന വിഷയത്ില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ വൈവിധ്യമാണ് തേടുന്നത്. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു എന്നതിനേക്കാള്‍ സംസ്‌ക്കാരത്തിലെ വൈവിധ്യമാണ് ഇവരെയെല്ലാം പല ഭാഗങ്ങളിലേക്ക് ക്ഷണിക്കുന്നത്.

പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ പലരും ഇപ്പോള്‍ ന്യൂയോര്‍ക്കിലോ മറ്റിടങ്ങളിലോ ആണെന്ന പോലെയാണ് ജീവിക്കുന്നത്. അവരില്‍ പലരും ഇന്‍സ്റ്റയിലും അതുപോലുള്ള സാമൂഹ്യമാധ്യമങ്ങളിലുമാണ് ഇത്തരം സാംസ്‌ക്കാരിക വൈവിധ്യങ്ങളെ കണ്ടെത്തുന്നത്.
പുതിയ കാലത്ത് എന്‍ജിനിയറിംഗ് എന്നാല്‍ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുമാണ്. മറ്റൊരു ഫേസ്ബുക്കോ ഇന്‍സ്റ്റാഗ്രാമോ തുടങ്ങാന്‍ ശ്രമിച്ചാല്‍ സാധിക്കുന്ന കാര്യമല്ലെന്നും തങ്ങളുടെ കാഴ്ചപ്പാടില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ 1956ല്‍ നിന്നും 2024ലേക്ക് എത്തിയപ്പോഴും വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലാണ് ഏറ്റവും വലിയ മാറ്റങ്ങളുണ്ടായത്. സമൂഹത്തിന് എന്ത് ആവശ്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പഠിക്കാനും അവരെ പഠിപ്പിക്കാനും തയ്യാറാകണമെന്നും വിനോദ് തോമസ് ആവശ്യപ്പെട്ടു.
കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. കെ എം എ അംഗം മീന തോമസ് സ്വാഗതവും സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.

