

കോഴിക്കോട്: എം വി ആര് കാന്‍സര്‍ സെന്ററും ഐ എസ് ഒയും സംയുക്തമായി നടത്തുന്ന കാന്‍ കോണ്‍ 2024 അന്താരാഷ്ട്ര സെമിനാറിന് എം വി ആര് കാന്‍സര്‍ സെന്ററില്‍ തുടക്കമായി. സപ്തംബര്‍ ഒന്നു വരെയാണ് സെമിനാര്‍.

ആദ്യ ദിവസം വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നേതൃത്വം കൊടുത്ത പ്രീകോണ്ഫറന്സുകളാണ് നടന്നത്. ഫിസിക്കല്‍ മെഡിസിന്, ന്യൂട്രീഷന്‍ ഓങ്കോളജി, ഇന്ഫെക്ഷന് കണ്ട്രോള്, സൈക്കോ ഓങ്കോളജി, ട്രോമ കെയര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നയിച്ച പ്രീ കോണ്‍ഫറന്‍സുകളില്‍ 150ഓളം ഡെലിഗേറ്റുകള്‍ പങ്കെടുത്തു.

ഇന്ന് കാന്‍ കോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. എം വി ആര് കാന്‍സര്‍ സെന്റര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ദിലീപ് ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. എം വി ആര് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ അധ്യക്ഷനാകും. പത്മശ്രീ ഡോ. ആര് രവി കണ്ണന്, ഡോ. രാജേന്ദ്ര തോപ്രാനി, ഡോ. എന്‍ കെ മുഹമ്മദ് ബഷീര്‍, ഡോ. ശ്യാം വിക്രം, വി എ ഹസ്സന് തുടങ്ങിയവര്‍ സംബന്ധിക്കും.
കാന്‍സര്‍ രോഗത്തെ കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള വിവിധങ്ങളായ ചികിത്സാരീതികളെ കുറിച്ചും ഓരോ ദിവസവും ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. ഇന്ത്യയെ കൂടാതെ അമേരിക്ക, യൂറോപ്പ്, യു കെ, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ 150ഓളം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ മൂന്നു ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ പങ്കെടുക്കും.

