

ഗാസ: ഇസ്രായേല്‍ അതിക്രമങ്ങളെ കുറിച്ച് നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്ത നാല് ഫലസ്തീന്‍ മാധ്യമ പവര്‍ത്തകരെ 2024ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.

ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടി വി റിപ്പോര്‍ട്ടര്‍ ഹിന്ദ് ഖൗധരി, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബിസാന്‍ ഔദ, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വെയ്ല്‍ അല്‍ ദഹ്ദൂഹ് എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതെന്ന് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും മാധ്യമ റിപ്പോര്‍ട്ടുകളും പറയുന്നു.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടും ഈ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന ദാരുണമായ അവസ്ഥകളിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അവര്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം മൂടിവെക്കാനുള്ള ശ്രമം തകര്‍ക്കുന്നതില്‍ മികച്ച പ്രതിബദ്ധതയാണ് പ്രകടമാക്കിയത്.
നോര്‍വീജിയന്‍ നൊബേബല്‍ കമ്മിറ്റി നല്‍കുന്ന സമാധാനത്തിനുള്ള നോബല്‍ സമ്മാനം സമാധാനം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ആണ് നല്‍കുന്നത്. ഈ വര്‍ഷം 196 വ്യക്തികളും 89 സംഘടനകളും ഉള്‍പ്പെടെ 285 നോമിനേഷനുകള്‍ കമ്മിറ്റിക്ക് ലഭിച്ചു.
തന്റെ നാമനിര്‍ദ്ദേശത്തെ കുറിച്ച് മൊതാസ് അസൈസ നേരത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ വിവരം പങ്കുവെച്ചിരുന്നു.
ഹിന്ദ് ഖൗധരിയും തന്റെ എക്സ് അക്കൗണ്ടില്‍ ഇക്കാര്യം പങ്കുവെച്ചുവെങ്കിലും തന്റെ രാജ്യത്തെ കുറിച്ചുള്ള കടുത്ത വേദനകളാണ് പങ്കിട്ടത്. ‘ഞാന്‍ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ പങ്കുവെച്ചിട്ടില്ലെന്നും എനിക്കറിയാം. എന്റെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ എന്ത് നൊബേല്‍ സമ്മാനം? 300 ദിവസത്തിലേറെയായി ഞാന്‍ പോസ്റ്റുചെയ്യുകയാണെങ്കില്‍ അതിന്റെ അര്‍ഥമെന്താണ്? ഇസ്രായേല്‍ ചെയ്യുന്ന എല്ലാ ക്രൂരതകളും ചെറുതായി മാറുന്നില്ല. സമാധാനവും നീതിയും ഉണ്ടാകുന്നതുവരെ യാതൊന്നിനും മധുരം ആസ്വദിക്കാനാവില്ല.’
2024ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ ഒക്ടോബര്‍ 11ന് പ്രഖ്യാപിക്കും. അവാര്‍ഡ് ദാന ചടങ്ങ് ഡിസംബര്‍ 10നാണ് നടക്കുക.

