
ദി പേള്‍, ലുസൈല്‍, അല്‍ വുഖൈര്‍ മേഖലകളില്‍ ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്ക് ആവശ്യക്കാരേറെ

ദോഹ: ഖത്തറിലെ വാസസ്ഥല റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ 2026 രണ്ടാം പാദത്തില്‍ വാങ്ങല്‍ താത്പര്യത്തില്‍ ശക്തമായ വര്‍ധന. മുന്‍ പാദത്തെ അപേക്ഷിച്ച് വസ്തു വില്‍പ്പന ഇടപാടുകളുടെ എണ്ണം 23.6 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.8 ശതമാനവുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

റിയല്‍ എസ്റ്റേറ്റ് ഗവേഷണ സ്ഥാപനമായ വാലുസ്ട്രാറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം പാദത്തില്‍ ആകെ 755 വാസസ്ഥല വില്‍പ്പന ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ മധ്യനിര മൂല്യം 30 ലക്ഷം ഖത്തര്‍ റിയാലായി ഉയര്‍ന്നു. അല്‍ വുഖൈര്‍, ദി പേള്‍, ലുസൈല്‍ മേഖലകളിലെ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ക്കാണ് വാങ്ങുന്നവരില്‍ കൂടുതല്‍ താത്പര്യം പ്രകടമായത്.
വില്‍പ്പന ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും വാസസ്ഥലങ്ങളുടെ മൂല്യത്തില്‍ വലിയ മാറ്റമുണ്ടായില്ല. 2021ലെ ഒന്നാം പാദത്തെ 100 എന്ന അടിസ്ഥാനമാക്കി കണക്കാക്കുന്ന വാലുസ്ട്രാറ്റ് പ്രൈസ് ഇന്‍ഡക്‌സ് (വി പി ഐ) രണ്ടാം പാദത്തില്‍ 97.8 പോയിന്റിലായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് സൂചികയില്‍ 0.2 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 0.3 ശതമാനവും നേരിയ കുറവുണ്ടായി.
വസ്തു വില്‍പ്പനയില്‍ 23.6 ശതമാനം വര്‍ധന
ആദ്യ പാദത്തിലെ മന്ദഗതിക്ക് ശേഷം രണ്ടാം പാദത്തില്‍ വാസസ്ഥല വില്‍പ്പന ഇടപാടുകളില്‍ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായത്.
വില്‍പ്പന ഇടപാടുകളുടെ എണ്ണം മുന്‍ പാദത്തെ അപേക്ഷിച്ച് 23.6 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 15.8 ശതമാനവും വര്‍ധിച്ച് 755 ആയി.
ഒരു ഇടപാടിന്റെ മധ്യനിര മൂല്യം 30 ലക്ഷം റിയാലിലെത്തി. മുന്‍ പാദത്തെ അപേക്ഷിച്ച് ഇത് 4.5 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.2 ശതമാനവും വര്‍ധിച്ചു.
അല്‍ വുഖൈര്‍, ദി പേള്‍, ലുസൈല്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ക്ക് ശക്തമായ ആവശ്യകതയുണ്ടായതാണ് ഈ വര്‍ധനവിന് പ്രധാന കാരണമെന്ന് വാലുസ്ട്രാറ്റ് വ്യക്തമാക്കി.
മോര്‍ട്ട്‌ഗേജ് ഇടപാടുകളിലും വര്‍ധന
ഭവന വായ്പാ ഇടപാടുകളിലും വര്‍ധന രേഖപ്പെടുത്തി. തയ്യാറായ വസ്തുക്കള്‍ക്കായുള്ള 335 മോര്‍ട്ട്‌ഗേജ് ഇടപാടുകള്‍ രണ്ടാം പാദത്തില്‍ നടന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 15 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനവും വര്‍ധനയാണിത്.
ഈ ഇടപാടുകളുടെ ആകെ മൂല്യം 1,600 കോടി റിയാലായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 61 ശതമാനമാണ് വര്‍ധന.
2026ലെ രണ്ടാം പാദത്തില്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വിപണി പ്രതിരോധശേഷി നിലനിര്‍ത്തിയതായും ഓരോ മേഖലയ്ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കേണ്ടിവന്നുവെന്നും പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറഞ്ഞതും നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിച്ചതും ആദ്യ രണ്ട് മാസങ്ങളില്‍ പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയതായും വാലുസ്ട്രാറ്റ് ഖത്തറിലെ ഗവേഷണ മേധാവി അനും ഹസന്‍ പറഞ്ഞു.
എന്നാല്‍ പാദത്തിന്റെ അവസാനത്തോടെ സംഘര്‍ഷം വീണ്ടും രൂക്ഷമായത് അനിശ്ചിതത്വം നീണ്ടുനില്‍ക്കാന്‍ കാരണമായി. അതിനാല്‍ വിപണിയുടെ പ്രകടനത്തെ അതിന്റെ പൂര്‍ണതയില്‍ ബാധിക്കുന്ന ഘടകങ്ങള്‍ വ്യക്തമാകാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാമെന്നും അവര്‍ വിശദീകരിച്ചു.
അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും മൂല്യം സ്ഥിരതയോടെ തുടരുന്നതായി വാലുസ്ട്രാറ്റ് പ്രൈസ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നതായും അവര്‍ പറഞ്ഞു.
വില്‍പ്പന ഇടപാടുകളുടെ എണ്ണം 23.6 ശതമാനം ത്രൈമാസ വര്‍ധനയും 15.8 ശതമാനം വാര്‍ഷിക വര്‍ധനയും രേഖപ്പെടുത്തിയപ്പോള്‍, ഇടപാടുകളുടെ മധ്യനിര മൂല്യം യഥാക്രമം 4.5 ശതമാനവും 8.2 ശതമാനവും ഉയര്‍ന്നു. മോര്‍ട്ട്‌ഗേജ് ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും കൂടി പരിഗണിക്കുമ്പോള്‍ വാങ്ങുന്നവരുടെ ആത്മവിശ്വാസം ശക്തമായി തുടരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എത്രകാലം തുടരുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ ആത്മവിശ്വാസം നിലനില്‍ക്കുന്നതെന്നും അനും ഹസന്‍ വ്യക്തമാക്കി.
വാടക വിപണി സ്ഥിരതയില്‍
കണക്കുകളില്‍ ഖത്തറിലെ വാടക വിപണി താരതമ്യേന സ്ഥിരത പുലര്‍ത്തി. പ്രതിമാസ ശരാശരി ആവശ്യവാടക 8,100 റിയാലായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 0.9 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനവും കുറവാണിത്.
എന്നാല്‍ വാടകക്കാരെ നിലനിര്‍ത്തുന്നതിനായി കെട്ടിട ഉടമകള്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വാടക ഇളവ് കാലയളവുകളും യൂട്ടിലിറ്റി ചെലവുകള്‍ ഉള്‍പ്പെടുത്തിയ പാക്കേജുകളും പ്രത്യേക ഇളവുകളും നല്‍കാന്‍ തുടങ്ങിയതോടെ യഥാര്‍ഥ നെറ്റ് വാടകയില്‍ കുറവുണ്ടായി.
രണ്ടാം പാദത്തില്‍ പുതിയ കരാറുകളേക്കാള്‍ വാടക പുതുക്കലുകളാണ് കൂടുതലായത്. വാടകക്കാര്‍ നിലവിലെ വസ്തുക്കളില്‍ തുടരാനുള്ള പ്രവണത ശക്തമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഫീസ് വിപണിയില്‍ വ്യത്യസ്ത പ്രവണത
ഖത്തറിലെ ഓഫീസ് വിപണിയില്‍ വിവിധ വിഭാഗങ്ങളിലുള്ള കെട്ടിടങ്ങള്‍ക്കിടയില്‍ വ്യത്യസ്ത പ്രകടനമാണ് ഉണ്ടായത്. 2024ലെ ഒന്നാം പാദത്തെ 100 എന്ന അടിസ്ഥാനമാക്കിയുള്ള ഓഫീസ് വാടക വി പി ഐ 96.2 പോയിന്റായി നേരിയ തോതില്‍ കുറഞ്ഞു.
ഗ്രേഡ് എ ഓഫീസ് വാടകയില്‍ മാറ്റമുണ്ടായില്ല. ചതുരശ്രമീറ്ററിന് പ്രതിമാസം 115 റിയാലാണ് വാടക. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 1.6 ശതമാനം കൂടുതലാണ്.
സെമി- ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ലുസൈലിലേക്ക് മാറിയതും ഗ്രേഡ് എ ഓഫീസ് വാടക ഉയരാന്‍ സഹായിച്ചു. ലുസൈലില്‍ ഓഫീസ് വാടക വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനം ഉയര്‍ന്നു.
അതേസമയം, ചെലവ് കാര്യക്ഷമതയ്ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കിയതോടെ ഗ്രേഡ് ബി/ സി ഓഫീസ് വാടക മുന്‍ പാദത്തെ അപേക്ഷിച്ച് 2.1 ശതമാനം കുറഞ്ഞ് ചതുരശ്രമീറ്ററിന് പ്രതിമാസം 66.6 റിയാലിലെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 3.4 ശതമാനമാണ് കുറവ്.
റീട്ടെയില്‍ മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം മെച്ചപ്പെട്ടു
ഖത്തറിലെ ആകെ റീട്ടെയില്‍ വിതരണ വിസ്തീര്‍ണം 57 ലക്ഷം ചതുരശ്രമീറ്ററാണ്. ഷോപ്പിംഗ് മാളുകളിലെ മധ്യനിര വാടക മുന്‍ പാദത്തെയും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെയും അപേക്ഷിച്ച് ഒരു ശതമാനം വീതം കുറഞ്ഞ് ചതുരശ്രമീറ്ററിന് 177 റിയാലായി. തെരുവോര റീട്ടെയില്‍ സ്ഥാപനങ്ങളുടെ വാടകയില്‍ ത്രൈമാസാടിസ്ഥാനത്തില്‍ മാറ്റമുണ്ടായില്ല.
ഒന്നാം പാദത്തെ അപേക്ഷിച്ച് റീട്ടെയില്‍ സ്ഥാപനങ്ങളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ മെച്ചമുണ്ടായി. ഈദ് അല്‍ അദ്ഹ പ്രമോഷനുകളും പ്രധാന സാംസ്‌കാരിക പരിപാടികളും ഇതിന് പിന്തുണ നല്‍കി.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ സമ്മര്‍ദം
രണ്ടാം പാദത്തില്‍ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖല കൂടുതല്‍ സമ്മര്‍ദം നേരിട്ടു. 2026ലെ രണ്ടാം പാദത്തില്‍ 6 ലക്ഷം സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. മുന്‍ പാദത്തെ അപേക്ഷിച്ച് 40 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനവും കുറവാണിത്.
ഹോട്ടലുകളിലെ ശരാശരി താമസനിരക്ക് 51.9 ശതമാനമായി കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 26.3 ശതമാനമാണ് കുറവ്.
ശരാശരി പ്രതിദിന ഹോട്ടല്‍ നിരക്ക് (എ ഡി ആര്‍) 16.2 ശതമാനം കുറഞ്ഞ് 380 റിയാലായി. ലഭ്യമായ ഓരോ മുറിയിലും ലഭിച്ച ശരാശരി വരുമാനം 38.3 ശതമാനം കുറഞ്ഞ് 197 റിയാലായി.
മെയ് മാസം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ സീസണല്‍ പിന്തുണ നല്‍കി. ആകെ സന്ദര്‍ശകരില്‍ ജി സി സി രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിഹിതം 40 ശതമാനമായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ധന.
വെയര്‍ഹൗസ് വാടക സ്ഥിരതയില്‍
വ്യാവസായിക റിയല്‍ എസ്റ്റേറ്റ് മേഖലയിലും രണ്ടാം പാദത്തില്‍ സ്ഥിരത തുടര്‍ന്നു. സാധാരണ താപനിലയില്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ പ്രതിമാസ മധ്യനിര ആവശ്യവാടക ചതുരശ്രമീറ്ററിന് 37.4 റിയാലായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 1.4 ശതമാനം വര്‍ധനയാണിത്.
കോള്‍ഡ് സ്റ്റോറേജ് വാടക മുന്‍ പാദത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ ചതുരശ്രമീറ്ററിന് 40 റിയാലായി തുടര്‍ന്നു. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.3 ശതമാനം കുറവാണിത്.
പ്രാദേശിക കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങളും സമുദ്ര ചരക്ക് ഗതാഗത മേഖലയെ ബാധിച്ചു. ഹമദ്, ദോഹ, അല്‍ റുവൈസ് തുറമുഖങ്ങളിലെ കപ്പല്‍ വരവ് മുന്‍ പാദത്തെ അപേക്ഷിച്ച് 43 ശതമാനം കുറഞ്ഞ് 314 ആയി. ഈ കാലയളവില്‍ തുറമുഖങ്ങള്‍ വഴി 2,01,913 ടിയുഇ കണ്ടെയ്‌നര്‍ ചരക്കുകളാണ് കൈകാര്യം ചെയ്തത്.

