പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Web Desk
1 Min Read

ദോഹ: പ്രവാസി വെല്‍ഫെയര്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസികാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ സി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.

city exchange

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പരിഹാരവും സംരക്ഷണവും ലഭ്യമാക്കാനും പ്രതീക്ഷകളും സ്വപ്‌നങ്ങളും അവഗണിക്കപ്പെടാതിരിക്കാനും വേണ്ടിയാണ് അവകാശരേഖ സമര്‍പ്പിച്ചത്. കാലങ്ങളായി പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നം, ക്ഷേമ പദ്ധതികളുടെയും സേവനങ്ങളുടെയും അപര്യാപ്തത, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വോട്ടവകാശം, രേഖകള്‍ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകള്‍, നിയമ സഹായം തുടങ്ങി എല്ലാ മേഖലകളിലും അടിയന്തിരമായി ശ്രദ്ധപതിയേണ്ട വിഷയങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും അവകാശ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപങ്ങള്‍ സ്വീകരിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനു മുതല്‍കൂട്ടാവുന്ന രീതിയില്‍ സര്‍ക്കാര്‍ മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും അവകാശ രേഖയില്‍ ഉണ്ട്.

രണ്ട് മാസത്തെ പ്രവര്‍ത്തനത്തിലൂടെയാണ് പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കി പുതിയ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്.

പ്രവാസി അവകാശ രേഖ മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും വരും ദിവസങ്ങളില്‍ കൈമാറും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!