Connect with us

Community

സൂപ്പര്‍ ലീഗ് കേരളയില്‍ ഗോള്‍ വര്‍ഷം തീര്‍ത്ത് കണ്ണൂര്‍ വോറിയേഴ്‌സ് സെമിയില്‍

Published

on


സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വാശിയേറിയ മത്സരത്തില്‍ മലപ്പുറം എഫ് സിയെ 4-3 ന് തോല്‍പിച്ച് കണ്ണൂര്‍ വോറിയേഴ്‌സ് എസ് എല്‍ കെ സെമിയില്‍ കടന്നു. അന്‍പത്തി മൂന്നാം മിനിറ്റില്‍ മലപ്പുറത്തിനുവേണ്ടി ബ്രസീലിയന്‍ താരം ബര്‍ബോസയുടെ ഗോളോടെ 3-3ല്‍ എത്തിയ മത്സരം പിന്നീടൊരു ത്രില്ലറായ് മാറുകയായിരുന്നു.

അറുപത്തി ആറാം മിനിറ്റില്‍ കണ്ണൂരിന്റെ മുന്‍മുന്‍ തിമോത്തി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. പത്തായി ചുരുങ്ങിയ വോറിയേഴ്‌സ് പോരാട്ടവീര്യം പത്തരമാറ്റായി പുറത്തെടുത്ത് പോരാടി എണ്‍പത്തി ഒന്നാം മിനിറ്റില്‍ അലിസ്റ്റര്‍ ആന്റണിയുടെ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു.

ഒന്‍പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പതിനാറ് പോയിന്റുമായി രണ്ടാമതായാണ് സെമിയില്‍ കണ്ണൂര്‍ വോറിയേഴ്‌സ് സ്ഥാനമുറപ്പിച്ചത്. കോഴിക്കോട് ഇ എം എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം വളരെ ആവേശത്തോടെയണ് കോഴിക്കോട് ഏറ്റെടുത്തത്. ഇതുവരെ കഴിഞ്ഞ ഒന്‍പത് റൗണ്ട് മത്സരങ്ങളിലും മുന്നിട്ട നിന്ന കണ്ണൂര്‍ വോറിയേഴ്‌സ് സെമി ഫൈനല്‍ മത്സരത്തിനുള്ള തീവ്ര പരിശീലനത്തിലാണ്.

ഞങ്ങളുടെ ക്ലബ്ബ് കണ്ണൂര്‍ വോറിയേഴ്‌സ് സെമി ഫൈനലില്‍ മികച്ച വിജയം നേടി ഫൈനലില്‍ പ്രവേശിച്ച് മികച്ച ഗോള്‍ നിലവാരത്തോടെ തിളക്കമാര്‍ന്ന വിജയം ഉറപ്പിക്കുമെന്ന് കണ്ണൂര്‍ വോറിയേഴ്‌സ് എഫ് സിയുടെ ഡയറക്ടറായ ഖത്തറിലെ വ്യവസായി മിബു ജോസ് നെറ്റിക്കാടന്‍ പറഞ്ഞു.

കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന് പുതിയ രീതികളും മാനവും നല്‍കികൊണ്ട് പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് പുത്തനുണര്‍വുണ്ടാക്കുന്ന സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ ഇതുവരെ കാണാത്ത വ്യാപകമായ ജനപ്രീതി നേടിയെന്നും സ്റ്റേഡിയങ്ങളിലേക്ക് ആയിരങ്ങള്‍ ഒഴുകി എത്തുന്നത് ഫുട്‌ബോള്‍ രംഗത്ത് വരാനിരിക്കുന്ന വന്‍മാറ്റങ്ങളുടെ സൂചനയാണെന്ന് മിബു ജോസ് നെറ്റിക്കാടന്‍ പറഞ്ഞു.

ടൂറിസം പ്രധാന വരുമാന സ്രോതസ്സായ കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രൊഫഷനല്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയും വികസനവും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും വലിയ പിന്തുണ നല്‍കുമെന്ന് കണ്ണൂര്‍ വോറിയേഴ്‌സിന്റെ ഡയറക്ടര്‍മാരിലൊരാള്‍ കൂടിയായ ഖത്തറിലെ വ്യവസായി കെ എം വര്‍ഗീസ് പറഞ്ഞു.

നവംബര്‍ പത്തിന് കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു അന്തരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ വോറിയേഴ്‌സ് വിജയികള്‍ക്കുള്ള കൂറ്റന്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിടുമെന്ന് സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ അവസാന നാലില്‍ പ്രവേശിച്ച ആവേശത്തോടെ ക്ലബ്ബ് ഉടമകളായ മിബു ജോസ് നെറ്റിക്കാടനും കെ എം വര്‍ഗീസും ഒരേ സ്വരത്തില്‍ പറഞ്ഞു.

ഒരു കോടി രൂപയാണ് വിജയികള്‍ക്കുള്ള പ്രൈസ്മണി. റണ്ണര്‍ അപ്പിന് അന്‍പത് ലക്ഷം രൂപയും വെള്ളിക്കപ്പും ലഭിക്കും.


error: Content is protected !!