
സാന്‍ഫ്രാന്‍സിസ്കോ: രണ്ടാം മിനുട്ടില്‍ നഷ്ടപ്പെടുത്തിയ ഗോള്‍ അവസരം ഇഞ്ചുറി ടൈമില്‍ ഹെഡറിലൂടെ തിരികെ കിട്ടിയപ്പോള്‍ ലോകകപ്പ് ഫുട്ബാളില്‍ ഖത്തറിന് ആദ്യമായി ഒരു പോയിന്റ്. സ്വിറ്റ്സര്‍ലന്റിനെ ഒരു ഗോളില്‍ തളച്ചിട്ടാണ് ഖത്തര്‍ സമനില നേടിയത്.

ഗ്രൂപ്പ് ബിയില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്റ് ഒരു ഗോളിന്റെ ലീഡ് അവസാന നിമിഷം വരെ നിലനിര്‍ത്തിയെങ്കിലും ഖത്തറിന്റെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. 94-ാം മിനുട്ടില്‍ ഹോമം അഹമ്മദ് നല്കിയ ക്രോസില്‍ നിന്ന് നായകന് ബോലം ഖൗഖി നേടിയ ഹെഡര്‍ ഗോളാണ് ഖത്തറിന് നിര്‍ണായക സമനില സമ്മാനിച്ചത്.

17-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബ്രിയല്‍ എബോളോ ഗോളാക്കി മാറ്റിയതോടെയാണ് സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടിയത്. ഖത്തര്‍ ഗോള്‍കീപ്പര്‍ മഹ്മൂദ് അബുനദ റെമോ ഫ്രൂലറെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. വീഡിയോ പരിശോധനയ്ക്കു ശേഷമായിരുന്നു തീരുമാനം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച സ്വിസ് ടീമിന് ലീഡ് ഉയര്‍ത്താനായില്ല. മറുവശത്ത് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ നിരന്തരം തിരിച്ചടിക്കാന്‍ ശ്രമിച്ചു. അക്രം അഫീഫിന്റെ നേതൃത്വത്തില്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. സ്വിറ്റ്സര്‍ലന്റിന്റെ അവസരങ്ങളിലെല്ലാം ഖത്തര്‍ കടുത്ത പ്രതിരോധമാണ് സൃഷ്ടിച്ചത്. ഖത്തര്‍ ഗോളിയുടെ അതിമനോഹരമായ സേവിംഗുകളാണ് കളിയിലെ മനോഹാരിത.
ഗ്രൂപ്പ് ബിയില്‍ നാല് ടീമുകളും ഓരോ പോയിന്റുകളുമായി സമനിലയിലായി എന്നതും പ്രത്യേകതയാണ്. നേരത്തെ ബോസ്നിയ ആന്റ് ഹെര്സെഗോവിനയുമായുള്ള മത്സരം കാനഡ സമനിലയില്‍ അവസാനിച്ചിരുന്നു.
ഇനി സ്വിറ്റ്സര്‍ലന്റും ബോസ്നിയ ആന്റ് ഹെര്‍സെഗോവിനയും തമ്മിലും കാനഡയും ഖത്തറുമാണ് അടുത്ത മത്സരം.

