

ദോഹ: ഫിഫ അറബ് കപ്പ് 2021ന്റെ ഭാഗമായി പ്രതിദിനം നാലായിരം സര്‍വീസുകള്‍ നടത്തി റെക്കോര്‍ഡിട്ടതായി മുവസലാത്ത് (കര്‍വ) അറിയിച്ചു. ഫിഫ അറബ് കപ്പിനിടയില്‍ പൊതു ഗതാഗതവും മറ്റു സര്‍വീസുകളും ഉള്‍പ്പെടെയാണ് ഇത്രയും സര്‍വീസുകള്‍ നടത്തിയത്. ഈ സമയത്ത് 1.4 മില്യന്‍ യാത്രക്കാരാണ് സര്‍വീസുകള്‍ ഉപയോഗിച്ചത്. 1,90,000 മണിക്കൂറുകള്‍ സര്‍വീസ് നിര്‍വഹിച്ചു.

ഖത്തറില്‍ നടക്കാനിരിക്കുന്ന വലിയ പരിപാടികള്‍ക്ക് മുവസലാത്ത് സജ്ജമാണെന്നതിനുള്ള തെളിവാണ് ഇതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2021ലെ ഏറ്റവും വലിയ പരിപാടികളിലൊന്ന് വിജയകരമായി പൂര്‍ത്തിയായതോടെ ആയിരക്കണക്കിന് ആരാധകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി മികച്ച സഹകരണത്തോടെ സമയനിഷ്ഠയോടെയും സുരക്ഷിതമായും എത്തിക്കാനായെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ആയിരക്കണക്കിന് ഡ്രൈവര്‍മാരേയും മെക്കാനിക്കുകളേയും ജീവനക്കാരേയും നിയമിക്കുകയും പരിശീലനം നല്കുകയും ചെയ്താണ് മത്സരത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയതെന്ന് മുവസലാത്ത് സി ഇ ഒ ഫഹദ് അല്‍ ഖഹ്താനി പറഞ്ഞു.

