

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചു. ഉദ്ഘാടന വിമാനം വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 119 യാത്രക്കാരും ആറ് കുട്ടികളുമായാണ് പറന്നത്.

വിജയവാഡ വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ മച്ചിലിപട്ടണം ലോക്സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ബാലഷോരി വല്ലഭനേനിയും വിജയവാഡ പാര്‍ലമെന്റ് അംഗം കേസിനേനി ശ്രീനിവാസും ചേര്‍ന്ന് ഉദ്ഘാടന വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. വിജയവാഡയില്‍ നിന്നുള്ള ഫനീന്ദ്ര റെഡ്ഡി ദമ്പതികള്‍ ആദ്യ ബോര്‍ഡിംഗ് കാര്‍ഡ് സ്വീകരിച്ചു.

ക്യാബിന്‍ ക്രൂ അബ്ദുല്‍ റഊഫ്, സ്വാതി ഗൗതം, സച്ചിന്‍ കുമാര്‍, ജിന്‍സോ ലൂക്കോസ് എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യനും ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ വി പ്രസൂണും കന്നി വിമാനം നിയന്ത്രിച്ചു.
നിലവില്‍ വിജയവാഡയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ഏക എയര്‍ലൈന്‍ എയര്‍ ഇന്ത്യ എക്്‌സ്പ്രസ് ആണ്. വിജയവാഡ- ഷാര്‍ജ സെക്ടറിന്റെ ഉദ്ഘാടന നിരക്ക് 13,669 രൂപയില്‍ ആരംഭിക്കുമ്പോള്‍ ഷാര്‍ജ- വിജയവാഡ സെക്ടറിന്റെ നിരക്ക് 399 ദിര്‍ഹത്തില്‍ ആരംഭിക്കും. ദുബായ്, നോര്‍ത്തേണ്‍ എമിറേറ്റ്‌സ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് കണക്ടറ്റിവിറ്റി തേടുന്ന യാത്രക്കാര്‍ക്ക് മികച്ച ടിക്കറ്റ് നിരക്കുകളോടു കൂടി സൗകര്യപ്രദമായ സമയത്ത് നേരിട്ടുള്ള ഫ്ൈളറ്റുകള്‍ എന്നത് ആകര്‍ഷകമാണ്. സുഖപ്രദമായ സീറ്റുകള്‍, മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ഭക്ഷണം എന്നിവയ്ക്ക് പുറമെ ഓണ്‍ ബോര്‍ഡ് ഭക്ഷണ സേവനം, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് സീറ്റില്‍ തന്നെ പവര്‍ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ എയര്‍ ഇന്ത്യ എക്്‌സ്പ്രസില്‍ ലഭ്യമാണ്.
വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും തിങ്കള്‍, ശനി ദിവസങ്ങളിലാണ് വിമാനങ്ങള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിജയവാഡയില്‍ നിന്ന് മസ്‌കറ്റിലേക്കും നേരിട്ട് പറക്കുന്നുണ്ട്. മസ്‌കറ്റ്- വിജയവാഡ വിമാനങ്ങള്‍ ഞായറാഴ്ചകളിലും തിരിച്ചുവരുന്നത് ചൊവ്വാഴ്ചകളിലുമാണ്. ബുധനാഴ്ചകളില്‍ കുവൈത്തില്‍ നിന്ന് വിജയവാഡയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ട്.

