

കോഴിക്കോട്: മലയാള മനോരമ സംഘടിപ്പിക്കുന്ന രാജ്യാന്തര കലാസാഹിത്യോത്സവമായ മനോരമ ഹോര്‍ത്തൂസ് 31ന് വൈകിട്ട് 4ന് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1, 2, 3 തിയ്യതികളിലാണ് മനോരമ ഹോര്‍ത്തൂസ് അരങ്ങേറുക.

കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തില്‍ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യ സാംസ്‌കാരിക സംഗമത്തില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നാനൂറോളം അതിഥികള്‍ പങ്കെടുക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്‍ എസ് മാധവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മേയര്‍ ബീന ഫിലിപ്, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം എന്നിവര്‍ അറിയിച്ചു.

എട്ട് വേദികളിലായി 130ലേറെ സെഷനുകളിലായാണ് മനോരമ ഹോര്‍ത്തൂസ് നടക്കുക. പങ്കാളിത്തം സ്ഥിരീകരിച്ചവരില്‍ എഴുത്തുകാരായ മരെക് ബെയ്ന്‍സ്‌ക്, ഡൊറോത്ത മസ്ലോസ്‌ക (പോളണ്ട്), കൊലേക പുടുമ (ദക്ഷിണാഫ്രിക്ക), കിം ഡോ ഉന്‍, ഹെനാകിം (കൊറിയ) തുടങ്ങിയവരുണ്ട്. വിനോദ വിജ്ഞാന പരിപാടികള്‍ ഉള്‍പ്പെടുത്തിയ കുട്ടികളുടെ പവലിയനില്‍ പട്ടം നിര്‍മാണം, പട്ടം പറത്തല്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയുണ്ടാവും.
കൊറിയന്‍ വിഭവങ്ങളുടെ കുക്ക് സ്റ്റുഡിയോ, സ്റ്റാന്‍ഡപ് കോമഡി എന്നിവയും ആകര്‍ഷണങ്ങളാണ്. ഹരിഹരന്‍, എം ജയചന്ദ്രന്‍, സ്റ്റീഫന്‍ ദേവസ്സി, ബിജിബാല്‍, സൂരജ് സന്തോഷ് തുടങ്ങിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംവാദ പരിപാടികളുമുണ്ടാവും.
മൂന്ന് സമ്മേളന ദിനങ്ങളിലും സംഗീത നിശകളുണ്ടാവും. ബാബുരാജ് സംഗീത നിശയാണ് ആദ്യത്തേത്. രണ്ടാം ദിവസം പ്രമുഖ എഴുത്തുകാരുടെ കഥകളില്‍നിന്ന് രൂപംകൊണ്ട സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ‘കഥകള്‍ പറയും പാട്ടുകള്‍’, സമാപന ദിവസം ഹരിഹരനും സ്റ്റീഫന്‍ ദേവസ്സിയും ഒന്നിക്കുന്ന ‘ഹരിഹരം’.
7500 ടൈറ്റിലുകളും മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമുള്ള പുസ്തകശാല, മലയാള മനോരമയുടെ ചരിത്രം പത്രത്താളുകളിലൂടെ അവതരിപ്പിക്കുന്ന മനോരമ പവലിയന്‍,
44 കലാപ്രവര്‍ത്തകര്‍ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിലൊരുക്കുന്ന കൊച്ചി ബിനാലെ പവലിയന്‍ എന്നിവയ്ക്കു തുടക്കമായി. ഇവ മൂന്നും നവംബര്‍ 10 വരെ തുടരും.
കോട്ടയം മനോരമ ആസ്ഥാനത്തുനിന്ന് 9ന് ആരംഭിച്ച അക്ഷരപ്രയാണവും ദീപശിഖായാത്രയും 31ന് കോഴിക്കോട് ഹോര്‍ത്തൂസ് വേദിയില്‍ സമാപിക്കും. കോളജ് ക്യാംപസുകള്‍, എഴുത്തിടങ്ങള്‍, വായനശാലകള്‍ തുടങ്ങിയ 56 സാംസ്്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പ്രയാണം. ഓരോ കേന്ദ്രത്തില്‍നിന്നും ശേഖരിച്ച മലയാള അക്ഷരങ്ങള്‍ പ്രധാനവേദിയില്‍ സ്ഥാപിക്കും.
ഹോര്‍ത്തൂസ് പ്രമാണിച്ച് 100 സ്‌പെഷല്‍ എഡിഷന്‍ പുസ്തകങ്ങളാണ് മനോരമ ബുക്‌സ് പുറത്തിറക്കുന്നത്. മലയാള മനോരമയുടെ 136 വര്‍ഷത്തെ അക്ഷരപ്രയാണത്തെ പ്രതീകവല്‍ക്കരിച്ച്, തിരഞ്ഞെടുത്ത 136 പുസ്തകങ്ങള്‍ക്ക് മനോരമ ബുക്‌സ് 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.
കേരളത്തില്‍ പത്തോളം സാഹിത്യോത്സവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മനോരമ ഹോര്‍ത്തൂസ് അതില്‍നിന്നെല്ലാം വ്യത്യസ്ത അനുഭവമായിരിക്കും പകരുകയെന്നും പല മാധ്യമങ്ങളെയും ഒരേസമയം അടുത്തറിയാന്‍ ഇതു സഹായിക്കുമെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. കോഴിക്കോടിനു ലഭിച്ച യുനെസ്‌കോ സാഹിത്യനഗരപദവി നിലനിര്‍ത്താന്‍ ഹോര്‍ത്തൂസ് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

