കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങി; അടിയന്തിര ബ്രോങ്കോസ്‌കോപ്പിയിലൂടെ ജീവന്‍ രക്ഷിച്ച് വി പി എസ് ലേക്ഷോറിലെ ഡോക്ടര്‍മാര്‍

Web Desk
2 Min Read

കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വസിച്ചപ്പോഴാണ് ഫോര്‍ട്ട് കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ മകളുടെ ഉള്ളിലേക്ക് മുത്ത് കടന്നത്. കുഞ്ഞിന്റെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനുള്ള സാഹചര്യം മനസിലാക്കിയ ഡോക്ടര്‍മാര്‍ അടിയന്തിര ബ്രോങ്കോസ്‌കോപ്പിയിലൂടെ മുത്ത് പുറത്തെടുക്കുകയായിരുന്നു.

city exchange

സംഭവം നടന്നയുടന്‍ കുഞ്ഞുമായി രക്ഷിതാക്കള്‍ നഗരത്തിലെ രണ്ട് ആശുപത്രികളില്‍ എത്തിയെങ്കിലും പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി സൗകര്യങ്ങളില്ലാത്തതിനാല്‍ ചികിത്സ സാധ്യമായില്ല. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി വി പി എസ് ലേക്ഷോറിലേക്ക് നിര്‍ദേശിക്കപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ശ്വാസനാളത്തില്‍ മുത്ത് ആഴത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ക്ലിനിക്കല്‍, ഇമേജിംഗ് പരിശോധനകളിലൂടെ വി പി എസ് ലേക്ഷോറിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജനറല്‍ അനസ്‌തേഷ്യ നല്‍കി ബ്രോങ്കോസ്‌കോപ്പി നടത്തുകയായിരുന്നു. പള്‍മണോളജി വിഭാഗം മേധാവി ഡോ. ഹരി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശ്വാസകോശത്തിന് യാതൊരു പരിക്കും ഏല്‍ക്കാതെ സുരക്ഷിതമായി മുത്ത് പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

മുത്ത് ഉള്ളില്‍ കുടുങ്ങി കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതോടെ തങ്ങള്‍ ഭയന്നുപോയെന്ന് മാതാവ് പറഞ്ഞു. അബദ്ധത്തില്‍ ശ്വസിച്ചപ്പോള്‍ മുത്ത് ഉള്ളിലേക്ക് പോയെന്ന് കുട്ടി തങ്ങളോട് പറഞ്ഞു. ഉടനെ, ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ വി പി എസ് ലേക്ഷോറിലെ ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും വലിയ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

പുറമെനിന്നുള്ള വസ്തുക്കള്‍ ശ്വാസനാളത്തില്‍ കുടുങ്ങുന്നത് അടിയന്തിര ചികിത്സ ആവശ്യമായ ഗുരുതര സാഹചര്യമാണെന്ന് ഡോ. ഹരി ലക്ഷ്മണന്‍ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളില്‍ ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍, അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കണം. അഞ്ച് തവണ പുറംഭാഗത്ത് തട്ടുകയും തുടര്‍ന്ന് അഞ്ച് തവണ വയറില്‍ സമ്മര്‍ദം നല്‍കുകയും ചെയ്യാം. ഇത് ഫലപ്രദമാകുന്നില്ലെങ്കില്‍ ഉടന്‍ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി സൗകര്യവും പരിചയസമ്പന്നരായ ഡോക്ടര്‍മാരുമുള്ള ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കണം. സമയബന്ധിതമായ ഇടപെടലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ചികിത്സക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സങ്കീര്‍ണമായ ഇത്തരം നിരവധി കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തുള്ള വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് വി പി എസ് ലേക്ഷോറിനുണ്ട്. ഒരു കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ലോഹ പിന്‍ നീക്കം ചെയ്തത്, ഒരു വര്‍ഷത്തിലേറെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന മത്സ്യത്തിന്റെ ഭാഗം ഒരു രോഗിയില്‍ നിന്ന് നീക്കം ചെയ്തത് എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍, കുഞ്ഞിനെ പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയെന്നത് പ്രധാനമാണ്. ചികിത്സ വൈകുന്നത് ശ്വാസനാളം പൂര്‍ണമായി അടയുന്നതിനും ഗുരുതര ശ്വാസകോശ അണുബാധയുണ്ടാകുന്നതിനും മറ്റ് ഗുരുതരാവസ്ഥകള്‍ക്കും വഴിവെക്കും. കുട്ടിയുടെ ഉള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ കടന്നതായി സംശയമുണ്ടായാല്‍ മാതാപിതാക്കള്‍ ഉടന്‍ അടിയന്തിര ചികിത്സ തേടണം.

മുത്തുകള്‍, വളപ്പൊട്ടുകള്‍, ബട്ടണുകള്‍, നാണയങ്ങള്‍, ബാറ്ററികള്‍, പിന്നുകള്‍, നട്‌സ് തുടങ്ങിയവയൊക്കെ കുട്ടികളുടെ കൈയെത്തുന്നിടത്ത് നിന്നും അകറ്റണം. പെട്ടെന്നുള്ള ശ്വാസംമുട്ടല്‍, തുടര്‍ച്ചയായ ചുമ, ശ്വാസമെടുക്കുമ്പോഴുള്ള അസാധാരണമായ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വസ്തുക്കള്‍ ശരീരത്തിനകത്ത് കടന്നതായി സംശയിക്കാവുന്നതാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിദഗ്ധ ചികിത്സ വൈകരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!