
ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസാന്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടി കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന 19-ാമത് കേരള സ്റ്റേറ്റ് ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് അണ്ടര്‍-16 വിഭാഗം ജാവലിന്‍ ത്രോയിലാണ് ഫൈസാന്‍ സ്വര്‍ണമെഡല്‍ നേടിയത്.

മികച്ച പ്രകടനത്തിലൂടെ ഇന്റര്‍സ്റ്റേറ്റ് സൗത്ത് സോണ്‍ അത്ലറ്റിക്‌സ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും ഫൈസാന്‍ സ്വന്തമാക്കി. കായികരംഗത്തെ മികവിനുള്ള ഫൈസാന്റെ അര്‍പ്പണബോധത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് നേട്ടം.
ഫൈസാന്റെ മികച്ച വിജയത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയും പ്രിന്‍സിപ്പല്‍ ഡോ. ഹമീദ കാദറും അഭിനന്ദനം അറിയിച്ചു. പരിശീലകനായ സ്റ്റീസണ്‍ മാത്യുവിന്റെ പരിശീലനത്തെയും പിന്തുണയെയും സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.
സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലും ഫൈസാന്‍ മികച്ച വിജയം നേടട്ടെയെന്ന് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ആശംസിച്ചു.

