

രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായ എം പിമാരുടെ വായടപ്പിക്കുന്ന പുതിയ തീരുമാനങ്ങളാണ് ലോകസഭയില്‍ സ്പീക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചിലരുടെ താത്പര്യ പ്രകാരമാണെന്നത് തീര്‍ച്ചയാണ്.

ഭരിക്കുന്ന എന്‍ ഡി എക്കെതിരെ പ്രതിപക്ഷം ഉപയോഗിക്കാന്‍ സാധ്യതയുള്ള എല്ലാ വാക്കുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അനുമതിയില്ലാതാക്കിയത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ഉറപ്പാണ്. കാരണം, ബി ജെ പിയുടെ അജണ്ടയിലുള്ള ഏക സിവില്‍കോഡ്, 2024ലെ രാമരാജ്യ പ്രഖ്യാപനം തുടങ്ങിയവ ഭരണകക്ഷിയുടെ മുന്നിലുള്ളപ്പോള്‍ ഇതിനെതിരെ പ്രതികരിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് അനുമാനിക്കണം.


തന്നെയുമല്ല രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകാതിരിക്കാന്‍ പ്രതിപക്ഷം സദാ ജാഗരൂകരായി ഇരിക്കേണ്ടതും ഇന്ന് അത്യാവശ്യമായിരിക്കയാണ്.
ഇപ്പോള്‍ എം പിമാരുടെ വായ മൂടിക്കെട്ടിയെങ്കില്‍ നാളെ സംസ്ഥാനങ്ങളിലെ എം എല്‍ എമാരുടെയും മന്ത്രിമാരുടേയും വായ മൂടിക്കെട്ടാനുള്ള നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരിക തന്നെചെയ്യും. അതിലാര്‍ക്കും സംശയം വേണ്ട.
എം പിമാരില്‍ തുടങ്ങി എം എല്‍ എമാരിലേക്ക് ഈ കാടത്തങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പാള്‍ സംഘ് പരിവാരങ്ങളുടെ പിടി ഭരണഘടനയിലേക്ക് പ്രവേശനം നേടുകയാണെന്ന സത്യങ്ങള്‍ തിരിച്ചറിവിലായിരിക്കും നമ്മളെത്തുക.
ഈ സ്വാതന്ത്ര്യദിനത്തില്‍ വിലക്കയറ്റത്തിലും വറുതിയിലും ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ആശ്വാസ പാക്കേജ്‌പോലും പ്രഖ്യാപിക്കാതെ എന്‍ ഡി എ സര്‍ക്കാര്‍ ജനങ്ങളെനോക്കി കൊഞ്ഞനം കുത്തുകയാണ്. പെട്രോള്‍, ഡീസല്‍, കുക്കിംങ് ഗ്യാസ് തുടങ്ങിയവയുടെ വില വര്‍ധനവ് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതിന് തുല്യമാണ്.
അയല്‍രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നീങ്ങിയ ഭരണത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ നടത്തി വിജയിച്ച സമരം നമ്മുടെ മുന്നിലുണ്ട്. ഭരിക്കുന്നവര്‍ ആരായാലും ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതായിരിക്കും .

എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണത്തില്‍ നേട്ടം കൊയ്യുന്നത് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ മാത്രമാണ്. ധനികര്‍ കൂടുതല്‍ ധനികരാകുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും നീങ്ങുന്നത് നമ്മുടെ മുന്നിലുള്ള സത്യങ്ങള്‍ മാത്രമാണ്. പുറമെ നമ്മളെത്ര ചിരിച്ചാലും കണ്ണീര്‍ കയങ്ങളില്‍ ജീവിക്കുന്നവരുടെ ദൈന്യതയേറിയ മുഖങ്ങള്‍ സ്വാതന്ത്ര്യദിനത്തിലും ഒരു കറുത്ത പാടുതന്നെയാണ്.
സ്വാതന്ത്ര്യദിനം ആഘോഷിക്കാം. അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയാണെങ്കില്‍ ഈ ദിനം അര്‍ഥമുള്ളതായേനെ.
കര്‍ഷകര്‍ക്കെതിരെ കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം വര്‍ത്തമാനകാലത്ത് നമ്മുടെ മുന്നിലുണ്ട്. അതുപോലെ പാര്‍ലമെന്റില്‍ വിലക്കിയിട്ടുള്ള വാക്കുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നത് സമയത്തിന്റെ വ്യത്യാസം മാത്രമേയുള്ളു.
ഈ സന്ദര്‍ഭത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ ഇന്നതെ ആദരണീയരായ നേതാക്കന്‍മാരെ ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ വലിച്ചിഴക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ മുഖമാണ് വരച്ചുകാട്ടുന്നത്. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സിന്റെ പ്രിയങ്കഗാന്ധി, രാഹുല്‍ ഗാന്ധി ഉഉള്‍പ്പെടെയുള്ള നേതാക്കളെ ഒരു ന്യായീകരണവുമില്ലാതെ റോഡില്‍ വലിച്ചിഴക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം ഏകോപിപ്പിക്കുന്നതിനും മറ്റുമായി തുടങ്ങിയ നാഷണല്‍ ഹൊറാള്‍ഡ് എന്ന പത്രത്തിന്റെ പേരിലാണ് സോണിയാ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഇ ഡി വേട്ടയാടുന്നത്. അതില്‍ കാര്യത്തോടടുത്താല്‍ ഗൗരവമല്ലാത്ത അപ്രധാനമായ വകുപ്പിന്റെ പേരിലാണ് ഇ ഡി സോണിയാ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും വേട്ടയാടുന്നത്. ഈ നേതാക്കളുടെ കൈകള്‍ ശുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കറിയാം.
പക്ഷെ വെറും ഒരു വിഷയത്തില്‍ മാത്രം കോണ്‍ഗ്രസ്സിനേയും അതിന്റെ നേതാക്കളെയും ഓതുക്കിനിര്‍ത്തുവാനുള്ള മോദി സര്‍ക്കാരിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീണു്‌പോയിരിക്കുന്നു എന്നത് എത്രത്തോളം സത്യമുണ്ടെന്നത് തിരിച്ചറിയേണ്ടതാണ്. കോണ്‍ഗ്രസ്സിന്റെ ശക്തിയെ ഇല്ലാതാക്കാന്‍ ഇനിയും കള്ളക്കേസുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ പ്രതീക്ഷിക്കാം.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പാര്‍ലമെന്റില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ നല്‍കാത്തതും അറിയാനുള്ള ജനങ്ങളുടെ അവകാശത്തിലുള്ള കൈയേറ്റമാണെന്ന് കാണേണ്ടി വരും. എല്ലാം ജനവിരുദ്ധമായി ഭരണം കൈയാളിയാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം വരേണ്ട സമയമാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.
ഈ സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി മറ്റൊരു സമരത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കേണ്ട അവസ്ഥയാണ് മുന്നിലുള്ളത്. നേതൃത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉണരുകതന്നെ വേണം.
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.


